ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിലെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവിസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.
ഓപ്പണര്‍മാരായ റഹ്‌മാന്‍ ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് കൊണ്ടെത്തിച്ചത്. 56 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 80 റണ്‍സാണ് ഗുര്‍ബാസ് നേടിയത്.
മറുഭാഗത്ത് 41 പന്തില്‍ 44 റണ്‍സ് ആണ് സദ്രാന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുമാണ് താരം നേടിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 103 റണ്‍സിന്റെ കൂറ്റന്‍ പാര്‍ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.
കഴിഞ്ഞ ഉഗാണ്ടയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിലും ഇരു താരങ്ങളും 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഉഗാണ്ടക്കെതിരെ ഗുര്‍ബാസ് 76 റണ്‍സും ഇബ്രാഹിം 70 റണ്‍സുമാണ് നേടിയത്.
ഇരുവരും ഉഗാണ്ടയ്‌ക്കെതിരെ 154 റണ്‍സാണ് നേടിയത്. ഇതിന് പിന്നാലെ ഒരു ചരിത്രം നേട്ടമാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ രണ്ട് തുടര്‍ച്ചയായ മത്സരങ്ങളില്‍ 100+ റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന ആദ്യ താരങ്ങളായി മാറാനാണ് ഗുര്‍ബാസിനും ഇബ്രാഹിമിനും സാധിച്ചത്.
കിവീസ് ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു ഫിന്‍ അലന്‍ റണ്‍സ് ഒന്നും എടുക്കാതെയും ഡെവാന്‍ കോണ്‍വെ എട്ട് റണ്‍സുമായും പുറത്തായി.
നിലവില്‍ കളി തുടരുമ്പോള്‍ 3.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 8 പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി ഡാറില്‍ മിച്ചലുമാണ് ക്രീസില്‍.
Content Highlight: Rahmanullah Gurbaz And Ibrahim Zadran create a new History