| Wednesday, 23rd August 2023, 6:54 pm

പാണ്ഡ്യയുമല്ല, ബുംറയുമല്ല രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കാന്‍ എന്റെ ടീമിന്‍റെ ക്യാപ്റ്റന്‍: അഫ്ഗാന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മക്ക് ശേഷം ശ്രേയസ് അയ്യരിന് ഇന്ത്യയെ നയിക്കാന്‍ സാധിക്കുമെന്ന് അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഗുര്‍ബാസ്

ഐ.പി.എല്ലില്‍ വളരെ മികച്ച രീതിയിലാണ് അയ്യര്‍ ടീമിനെ നയിക്കുന്നതെന്നും ഏത് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും ഗുര്‍ബാസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുര്‍ബാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അവന് (ശ്രേയസ് അയ്യര്‍) ഏറ്റവും മികച്ച ക്യാപ്റ്റനാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന്‍ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറും, കാരണം ഐ.പി.എല്ലില്‍ ഒരു ടീമിനെ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) നയിക്കുന്നവനാണ്.

ഐ.പി.എല്ലാണ് ലോകത്തിലെ ഏറ്റവും വലിയ മത്സരം. അവന് ഐ.പി.എല്ലിലെ ഒരു ടീമിനെ നയിക്കാന്‍ സാധിക്കുമെങ്കില്‍ ലോകത്തിലെ ഏത് ടീമിനെ നയിക്കാനും സാധിക്കും. ഇന്ത്യയെയും. രോഹിത്താണ് ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്വാളിറ്റി വളരെ വലുതാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ സാധിക്കുമെങ്കില്‍ ശ്രേയസ് വളരെ മികച്ചതാണ്. അവന്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി മെറ്റീരിയലാണ്.

ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കാത്ത ഒരുപാട് താരങ്ങളുണ്ട്. എനിക്കുറപ്പാണ്, അവന് ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാകാന്‍ സാധിക്കും,’ ഗുര്‍ബാസ് പറഞ്ഞു.

ഏറെ നാളത്തെ പരിക്കിന് ശേഷം ശ്രേയസ് ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ചും ഗുര്‍ബാസ് സംസാരിച്ചു. താരം ഏഷ്യ കപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും അതുവഴി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

‘ശ്രേയസ് തിരിച്ചുവന്നതില്‍ ഏറെ സന്തോഷം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീമിന്റെ ഭാഗമാകുന്നത്. മികച്ച താരമാണവന്‍, അതുകൊണ്ടാണ് ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടിയത്. ശ്രേയസ് അത് അര്‍ഹിക്കുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ കളിക്കുന്നത്. ശ്രേയസ് വളരെ മികച്ച ക്യാപ്റ്റനാണ്, യുവ ക്യാപ്റ്റനാണ്. ശ്രേയസ് ചെറുപ്പവും വളരെ ഡൈനാമിക്കുമായ താരമാണ്.

ഇന്ത്യന്‍ സെലക്ടര്‍മാരും പരിശീലകരും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം എന്നെക്കാള്‍ അനുഭവസമ്പത്തുള്ളവരാണ്. എങ്ങനെ ടീം സെലക്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം.

ഇന്ത്യയില്‍ നിരവധി ടാലന്റഡായ താരങ്ങളുണ്ട്. ശ്രേയസ് വളരെ മികച്ച താരമാണ്. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുമെന്നും പ്രതീക്ഷിക്കുന്നു,’ ഗുര്‍ബാസ് കൂട്ടിച്ചേര്‍ത്തു.

Content highlight: Rahmanullah Gurbaz about Shreyas Iyer

We use cookies to give you the best possible experience. Learn more