അഫ്ഗാനിസ്ഥാന് – യു.എ.ഇ പരമ്പരയിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 203 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാന്‍ ആദ്യ മത്സരം അനായാസമായി ജയിച്ചുകയറിയത്.
52 പന്തില്‍ നിന്നും ഏഴ് വീതം സിക്‌സറും ഫോറുമായാണ് ഗുര്‍ബാസ് സെഞ്ച്വറി നേടിയത്. ടീം സ്‌കോര്‍ 168ല്‍ നില്‍ക്കവെ ജുനൈദ് സിദ്ദീഖിന്റെ പന്തില്‍ ബേസില്‍ ഹമീദിന് ക്യാച്ച് നല്‍കിയാണ് ഗുര്‍ബാസ് തിരിച്ചുനടന്നത്.
നേരിട്ട 50ാം പന്തിലാണ് ഗുര്‍ബാസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി അഫ്ഗാനിസ്ഥാന് വേണ്ടി വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി വേഗത്തില്‍ സെഞ്ച്വറി നേടിയ ബാറ്റര്‍മാര്‍
(നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ – എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി)
(താരം – എതിരാളികള്‍ – നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഹസ്രത്തുള്ള സസായ് – അയര്‍ലന്‍ഡ് – 42 – 2019
റഹ്‌മാനുള്ള ഗുര്‍ബാസ് – യു.എ.ഇ – 50 – 2023
മുഹമ്മദ് ഷഹസാദ് – സിംബാബ്‌വേ – 52 – 2016
ഗുര്‍ബാസിന് പുറമെ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്റെ അര്‍ധ സെഞ്ച്വറിയുമാണ് അഫ്ഗാന് ആദ്യ മത്സരത്തില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 43 പന്തില്‍ 59 റണ്‍സാണ് സദ്രാന്‍ സ്വന്തമാക്കിയത്. എട്ട് പന്തുകള്‍ നേരിട്ട് 19 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായ്‌യുടെ ഇന്നിങ്‌സും അഫ്ഗാന് തുണയായി.
ഒടുവില്‍ 203 റണ്‍സിന് അഫ്ഗാന്‍ പോരാട്ടം അവസാനിപ്പിച്ചു.
യു.എ.ഇക്കായി അയാന്‍ അഫ്‌സല്‍ ഖാന്‍, മുഹമ്മദ് ജവാദുല്ല, ജുനൈദ് സിദ്ദിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. ആറ് റണ്‍സിനിടെ ആദ്യ രണ്ട് വിക്കറ്റുകളും വീണ യു.എ.ഇ പരുങ്ങി. 64 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടിയ വൃത്യ അരവിന്ദ് മാത്രമാണ് യു.എ.ഇ നിരയില്‍ ചെറുത്തുനിന്നത്. പുറത്താകാതെ 20 റണ്‍സ് നേടിയ താനിഷ് സൂരിയാണ് രണ്ടാമത്തെ ഹൈ സ്‌കോറര്‍.
ഒടുവില്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ 131ന് നാല് എന്ന നിലയില്‍ യു.എ.ഇ പോരാട്ടം അവസാനിപ്പിച്ചു.
അഫ്ഗാനിസ്ഥാനായി ഫസലാഖ് ഫാറൂഖി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖും ഖായിസ് അഹമ്മദും ഓരോ വിക്കറ്റും നേടി.
ഡിസംബര്‍ 31നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഷാര്‍ജയാണ് വേദി. പരമ്പര നഷ്ടപ്പെടുത്താതിരിക്കാന്‍ ഹോം ടീമിന് വിജയം അനിവാര്യമാണ്.
Content highlight: Rahmanulla Gurbaz scripts yet another record