തമിഴിലെ ആ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള വലിയ സംവിധായകന്റെ പ്രൊജക്റ്റ്; മലയാളത്തിന് വേണ്ടി അത് വേണ്ടെന്നുവെച്ചു: റഹ്‌മാന്‍
Entertainment
തമിഴിലെ ആ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള വലിയ സംവിധായകന്റെ പ്രൊജക്റ്റ്; മലയാളത്തിന് വേണ്ടി അത് വേണ്ടെന്നുവെച്ചു: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th October 2024, 7:43 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ് ‘1000 ബേബീസ്’. നജീം കോയ സംവിധാനം ചെയ്ത ഈ ത്രില്ലര്‍ സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ആയിരുന്നു എത്തിയത്. തനിക്ക് 1000 ബേബീസിനൊപ്പം എത്തിയ മറ്റൊരു വെബ് സീരീസിന്റെ ഓഫറിനെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍.

തനിക്ക് ഹോട്ട്‌സ്റ്റാറില്‍ നിന്ന് മറ്റൊരു തമിഴ് വെബ് സീരീസിന്റെ ഓഫര്‍ ഉണ്ടായിരുന്നെന്നും വലിയ ഹിറ്റ് കൊടുത്ത സംവിധായകനായിരുന്നെന്നും അദ്ദേഹം പറയുന്നു. അത് വേണ്ടെന്ന് വെച്ചിട്ടാണ് 1000 ബേബീസില്‍ അഭിനയിക്കാന്‍ പോയതെന്നും റഹ്‌മാന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് നജീം കോയയുമായി മുമ്പ് വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നില്ല. ഇദ്ദേഹം വന്ന് കഥ പറഞ്ഞു തന്നു. പക്ഷെ അവസാനം ഇതിന്റെ റിസള്‍ട്ട് എന്താകുമെന്ന് നമുക്ക് അറിയില്ലല്ലോ. സത്യത്തില്‍ എന്റെ സംശയങ്ങള്‍ മൊത്തം അതിനെ കുറിച്ചായിരുന്നു.

ഞാന്‍ നജീമിനോട് എങ്ങനെയാണ് ഇത് ചെയ്യാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അദ്ദേഹം കൃത്യമായി അതിന് മറുപടിയും തരും. ഈ റേഞ്ചില്‍ പോയാല്‍ കോസ്റ്റ് കൂടില്ലേയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു വെബ് സീരീസ് ചെയ്യുമ്പോള്‍ അത് എങ്ങനെയാകണമെന്ന ചിന്ത ഉണ്ടാകുമല്ലോ.

തീര്‍ച്ചയായും എന്റെ മനസിലും അങ്ങനെയൊരു ചിന്തയുണ്ട്. ഞാന്‍ ഒരു വെബ് സീരീസ് ചെയ്യുമ്പോള്‍ അത് ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിലുള്ള ക്വാളിറ്റിയില്‍ കൊടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അല്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലല്ലോ. അതാണ് ശരിക്കും എന്നെ സ്‌റ്റോപ്പ് ചെയ്യുന്ന കാര്യം.

ഇതിനുമുമ്പ് പലരും വെബ് സീരീസ് എന്ന് പറഞ്ഞ് എന്റെയടുത്ത് വന്നിരുന്നു. കഥ നന്നാകുമെങ്കിലും അവരുടെ ചിന്തയും ഐഡിയകളുമൊന്നും ശരിയാകില്ല. അത് ചിലപ്പോള്‍ സിനിമാറ്റിക് ഫോര്‍മാറ്റില്‍ തന്നെയാകും. സംവിധായകനുമായി സംസാരിക്കുമ്പോള്‍ അത് നമുക്ക് ലഭിക്കും.

ഇതേസമയം എനിക്ക് ഹോട്ട്‌സ്റ്റാറില്‍ നിന്ന് മറ്റൊരു ഓഫറും ഉണ്ടായിരുന്നു. അതൊരു തമിഴ് വെബ് സീരീസായിരുന്നു. വലിയ ഹിറ്റ് കൊടുത്ത സംവിധായകനായിരുന്നു. കൂടെ അഭിനയിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാറും ഉണ്ടായിരുന്നു. സത്യത്തില്‍ അത് ഒഴിവാക്കിയിട്ടാണ് ഞാന്‍ 1000 ബേബീസില്‍ അഭിനയിക്കാന്‍ പോയത്,’ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Rahman Talks About Web Series Offers In Tamil