മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സമയത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമായിരുന്നു റഹ്‌മാന്‍. മലയാളവും കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും താരത്തിന്റെ സ്റ്റാര്‍ഡം വളര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എത്താന്‍ കഴിയാതിരുന്നതിന്റെ കാരണം പറയുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍.
‘മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടിയ സ്റ്റാര്‍ഡത്തിനൊപ്പം ആവാഞ്ഞത് എന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കാം. കാരണം എന്റെ പി.ആര്‍. വര്‍ക്ക് നന്നായിരുന്നില്ല. ഞാന്‍ സീരിയസായിരുന്നില്ല. കരിയറിനെ കുറിച്ച് ഫോക്കസ്ഡായിരുന്നില്ല. മലയാളത്തില്‍ സജീവമായിരിക്കുമ്പോഴാണ് തമിഴിലേക്കും പിന്നെ അവിടെ നിന്ന് തെലുങ്കിലേക്കും പോവുന്നത്. ആരെങ്കിലും നല്ല സബ്‌ജെക്ടുമായി വന്നാല്‍ എടുക്കുന്നതല്ലാതെ വലിയ പ്ലാനിങ്ങൊന്നുമില്ലായിരുന്നു.
എന്റെ തുടക്കം തന്നെ അങ്ങനെയായിരുന്നു. സിനിമ ഒരു കരിയറാക്കണം, ഒരു പ്രൊഫഷനാക്കണം, എന്നൊരു ഇന്റന്‍ഷനില്‍ വന്നതല്ല. എങ്ങനെയോ വിളിച്ചു, വന്നു. ഒരു പത്ത് പന്ത്രണ്ട് വര്‍ഷത്തോളം ഞാന്‍ പരാജയം അനുഭവിച്ചിട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് അപ്‌സ് ആന്‍ഡ് ഡൗണ്‍സ് അറിയാന്‍ തുടങ്ങിയത്.
എന്റെ റൂട്ട്, എന്റ ബേസ് ഒന്നും ഞാന്‍ ഉറപ്പിച്ചിരുന്നില്ല. ഇതൊക്കെ ഒരു ബിസിനസാണ്. ആര്‍ട്ടാണ് ടാലന്റാണ് എന്നൊക്കെ പറഞ്ഞാലും ബിസിനസ് ആയി കണ്ടാലേ സ്റ്റാര്‍ഡത്തിലേക്ക് എത്താന്‍ പറ്റുകയുള്ളൂ. അടുത്ത പടം എങ്ങനെ ചെയ്യണം, ആരുടെ കൂടെ ചെയ്യണം എന്നൊക്കെയുള്ള പ്ലാനിങ് വേണം.
അന്നൊക്കെ പടം തീര്‍ന്നാല്‍ ഞാന്‍ എന്റെ പാട്ടിന് പോകും. പിന്നെ അവരുമായി ഒരു സൗഹൃദവുമില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല, മത്സരമാണ്. ഓരോന്നും പ്ലാന്‍ ചെയ്യണം. ഒരു പടം ചെയ്തുകഴിഞ്ഞാല്‍ ആരുടെ കൂടെ ചെയ്യണം, ഏത് ബാനറില്‍ ചെയ്യണം, എങ്ങനെയുള്ള റോള്‍ ചെയ്യണം എന്നതൊക്കെ കറക്ടായിട്ട് ചെയ്യണം. ഇപ്പോഴത്തെ പിള്ളേര് ചെയ്യുന്നുണ്ട്.
അന്ന് ആരും ഇങ്ങനെ ആയിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഞാനുമൊക്കെ നല്ല സിനിമകള്‍ ചെയ്തുപോകും. 90കളുടെ പകുതി വെച്ചാണ് പ്ലാനിങ്ങും കാര്യങ്ങളുമെല്ലാം വരാന്‍ തുടങ്ങിയത്,’ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: rahman talks about the stardom of mammootty and mohanlal