മലയാള സിനിമക്കൊപ്പം ഇതര ഭഷകളിലും താരമായ നടനാണ് റഹ്‌മാന്‍. എസ്. എ. ചന്ദ്രശേഖറിന്റെ സിനിമയിലൂടെയാണ് റഹ്‌മാന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഫാസില്‍ സംവിധാനം ചെയ്യാനിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ റീമേക്കായിരുന്നു തന്റെ ആദ്യ തമിഴ് സിനിമ ആവേണ്ടിയിരുന്നതെന്ന് പറയുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍.
‘വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിന്റെ സിനിമയിലൂടെയാണ് ആദ്യമായി തമിഴ് സിനിമയിലേക്ക് എത്തുന്നത്. സാജനായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. സാജന്‍ അതിന് മുമ്പ് പല പടങ്ങളിലും അഭിനയിക്കുന്നതിന് വേണ്ടി അഡ്വാന്‍സ് തന്നെങ്കിലും മടക്കി കൊടുക്കേണ്ടി വന്നു. അന്ന് മലയാളത്തില്‍ നല്ല തിരക്കിലായിരുന്നു.
ഒടുവില്‍ എന്റെ ഒരു തമിഴ് പടത്തിലെങ്കിലും അഭിനയിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. തമിഴ് എനിക്ക് അറിയാത്ത ഭാഷയാണെന്ന് ഞാന്‍ പറഞ്ഞു. നദിയ മൊയ്ദുവിന്റെ ഡേറ്റുണ്ട്, ഫാസിലാണ് സംവിധായകന്‍, മഞ്ഞില് വിരിഞ്ഞ പൂക്കളുടെ റീമേക്കാണെന്ന് പറഞ്ഞു. നമ്മുടെ ആള്‍ക്കാരാണോ, എന്നാല്‍ കുഴപ്പമില്ല എന്ന് പറഞ്ഞു.
അന്ന് തമിഴ് പാട്ടുകള്‍ കാണുമ്പോഴും അഭിനയിക്കാന്‍ ഒരു മോഹമുണ്ടായിരുന്നു. കാരണം അവരുടെ പാട്ടിനും ഫൈറ്റിനും ഭയങ്കര കളര്‍ഫുള്‍ സെറ്റപ്പായിരിക്കും. അതൊന്നും മലയാളത്തില്‍ കിട്ടാനില്ലാത്ത സെറ്റപ്പായിരുന്നു. അങ്ങനെ ചെയ്യാമെന്നൊക്കെ പറഞ്ഞ് പോയതാണ്. പക്ഷേ എന്തോ ഡയറക്ടര്‍ മാറി, പാച്ചിക്ക ചെയ്യുന്നില്ല എന്ന് പറഞ്ഞു.
പിന്നെയാണ് എസ്.എ. ചന്ദ്രശേഖറിന്റെ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് അയാളാരാണ് എന്നൊന്നും എനിക്കറിയില്ല. ഒന്ന് അന്വേഷിച്ചപ്പോള്‍ നമ്മുടെ നാട്ടിലെ ഐ.വി. ശശിയെ പോലെയാണ് അദ്ദേഹം അവിടെ. പൊളിറ്റിക്കല്‍ മാസ് സിനിമകള്‍ ഒക്കെ ചെയ്യുന്ന നല്ല ഡയറക്ടറാണ്. സെറ്റില്‍ പോയി കഥ കേട്ടപ്പോള്‍ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. കാരണം നമ്മളൊന്നും മലയാളത്തില്‍ കേട്ടിട്ടില്ലാത്ത സബ്‌ജെക്ടായിരുന്നു. ഒരാള്‍ എല്ലാം ചെയ്യുന്നത് പോലെയായിരിക്കും ഡാന്‍സും ഫൈറ്റും എല്ലാം ഒരാള്‍ തന്നെ.
പല ഭാഷകളില്‍ വലിയ നടന്മാര്‍ക്കും നടിമാര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. മലയാളത്തില്‍ പ്രേം നസീര്‍, ഉമ്മറിക്ക, ബഹദൂറിക്ക, അടൂര്‍ ഭാസി ഇവരുടെയൊക്കെ കൂടെ പല പടത്തില്‍ അഭിനയിക്കാന്‍ പറ്റി. അവര്‍ക്കൊപ്പം ഞാന്‍ ഹീറോയായി അഭിനയിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് കണ്ടതാണ് ഇവരെയൊക്കെ.
അതുപോലെ തമിഴില്‍ ശിവാജി ഗണേശന്‍ സാര്‍, നമ്പ്യാര്‍ സാര്‍, നാഗേഷ് സാര്‍ അങ്ങനെയുള്ള കുറെ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അതുപോലെ തെലുങ്കില്‍ നാഗാര്‍ജുനയുടെ അച്ഛനൊപ്പം ആ കാലഘട്ടത്തിലെ വലിയ ആര്‍ട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കാന്‍ പറ്റി,’ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: rahman talks about tamil remake of manjil virinja pookkal