| Friday, 18th August 2023, 7:58 pm

അന്ന് ചിലപ്പോള്‍ ഇരിക്കാന്‍ പോലും കസേര കിട്ടാറില്ല, ഇന്ന് എല്ലാവരും കാരവനിലാണ്: റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമാര എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ റഹ്മാന്‍. സിനിമയുടെ കഥ കേട്ടപ്പോള്‍ തനിക്ക് വളരെ വ്യത്യസ്തമായി തോന്നിയെന്നും അതുകൊണ്ടാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ സമയത്തായിരുന്നു പ്രൊജക്ട് വന്നതെന്നും അതുകൊണ്ട് ആദ്യം കഥ സൂം മീറ്റിങ്ങ് വഴി കേട്ടതിനാല്‍ മനസിലായിരുന്നില്ലെന്നും റഹ്മാന്‍ പറഞ്ഞു. പിന്നീട് സംവിധായകന്‍ നേരിട്ട് വന്ന് കഥ പറഞ്ഞുതരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍.

‘ഒരു ആക്ടര്‍ എപ്പോഴും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുക. ഓരോ പടത്തിന്റെ വിജയത്തിന് ശേഷവും ഞങ്ങള്‍ കുറച്ചുകൂടി പക്വത ഉള്ളവരാകും, സീരിയസ് ആകും. കൊറോണ കഴിഞ്ഞ ഉടനെ വന്ന പ്രൊജക്ട് ആയിരുന്നുവിത്. ആ സമയത്ത് സംവിധാകന്‍ നേരിട്ട് വന്ന് കാണാന്‍ എന്‍.ഒ.സി വിസയൊക്കെ വേണം. കുറേ ബുദ്ധിമുട്ടുണ്ടായിരുന്നു യാത്ര ഒക്കെ ചെയ്യാന്‍. അന്ന് സൂം മീറ്റിങ്ങിലായിരുന്നു നമ്മള്‍ അധികവും സംസാരിച്ചിരുന്നത്.

കഥയെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് അത് ആദ്യം മനസിലായില്ല. പിന്നെ പുള്ളി ഒരു ദിവസം ചെന്നൈയില്‍ വന്ന് മൊത്തം സ്‌ക്രിപ്റ്റും പറഞ്ഞു തന്നു. അപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. പിന്നെ ലൊക്കേഷന്‍ എവിടെയാണെന്ന് ചോദിച്ചപ്പോഴാണ് കശ്മീര്‍ എന്നു പറഞ്ഞത്, അപ്പോള്‍ ഞാനൊന്ന് പേടിച്ചു. കാരണം പുതിയ ഡയറക്ടര്‍ ഒക്കെയാണ്, പ്രൊഡ്യൂസര്‍ സമ്മതിക്കുമോയെന്ന് കരുതി. പ്രൊഡ്യൂസര്‍ റെഡിയാണെന്ന് പറഞ്ഞു. പ്രൊഡ്യൂസറുമായി സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഈ സബ്ജക്ടില്‍ ഭയങ്കര വിശ്വാസം. ആ ഒരു കോണ്‍ഫിഡന്‍സിലാണ് ഞാനിത് ഏറ്റെടുത്തത്. എനിക്കും പിന്നെ വ്യത്യസ്തമായി തോന്നി. മൊത്തത്തില്‍ ഇതിന്റെ പശ്ചാത്തലവും ക്യാരക്ടറിന്റെ സ്വഭാവവും, കഥയുമൊക്കെ ഇന്ററസ്റ്റിങ് ആയിട്ട് തോന്നി,’ അദ്ദേഹം പറഞ്ഞു.

പണ്ടത്തേതില്‍ നിന്നും ഇന്ന് സിനിമ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടായെന്നും അന്നുണ്ടായിരുന്ന കൂട്ടായ്മയാണ് ഇന്ന് മിസ് ചെയ്യുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

‘പണ്ടത്തേതില്‍ നിന്നും ഇന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. അന്ന് കാരവന്‍ ഒന്നുമില്ല. അന്ന് ചിലപ്പോള്‍ ഇരിക്കാന്‍ പോലും എനിക്ക് കസേര കിട്ടില്ല. ഇരിക്കാന്‍ പറയും പക്ഷെ കസേര ഉണ്ടാകില്ല. ഇന്നിപ്പോള്‍ ടെക്‌നോളജി മാറി. കാരവന്‍ വന്നു, അങ്ങനെ മാറ്റങ്ങള്‍ വന്നു. ഞാന്‍ അന്നത്തെ ഒരു കൂട്ടായ്മയാണ് മിസ് ചെയ്യുന്നത്. ഒരുമിച്ചിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു, ലെഞ്ച് കഴിക്കുന്നു, അതിപ്പോള്‍ ഇന്നില്ല. ഇന്ന് ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും കാരവനില്‍ കയറി ഇരിക്കുന്നു, അവര്‍ അവിടെ തന്നെ ഭക്ഷണം കഴിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlights: Rahman talks about samara movie

We use cookies to give you the best possible experience. Learn more