Entertainment
ശോഭനയുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയപ്പെട്ട നായിക മറ്റൊരാള്‍: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 11, 04:35 am
Wednesday, 11th September 2024, 10:05 am

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡിയാണ് റഹ്‌മാന്‍ – രോഹിണി കൂട്ടുകെട്ട്. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു അവരുടേത്. ഇന്നും ഇവര്‍ ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുന്നവര്‍ കുറവല്ല. ഇവരുടേതായി പുറത്തിറങ്ങിയ സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

ഇപ്പോള്‍ കൂടെ അഭിനയിച്ച നായികമാരില്‍ ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രോഹിണിയുടെ പേര് പറഞ്ഞിരിക്കുകയാണ് റഹ്‌മാന്‍. ശോഭനയുമായി താന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ രോഹിണിയുടെ പേരാണ് പറയുകയെന്നാണ് അദ്ദേഹം പറയുന്നത്.

രോഹിണിയും താനും തമ്മില്‍ ക്യാമറയുടെ മുന്നില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ റ്റു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്‌മാന്‍.

‘അഭിനയത്തിന്റെ കാര്യത്തില്‍ രോഹിണിയുടെ പേരാണ് ഞാന്‍ പറയുക. ശോഭനയുമായി ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എങ്കിലും രോഹിണിയും ഞാനും തമ്മില്‍ ക്യാമറയുടെ മുന്നില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു.

കൂടെ അഭിനയിക്കുന്ന ചില ആക്ടേഴ്‌സ് പെട്ടെന്ന് സീനിന്റെ ഷൂട്ടിന്റെ ഇടയില്‍ എന്തെങ്കിലുമൊക്കെ മാറ്റി ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സമയത്ത് അതിനനുസരിച്ച് ടേക്ക് തെറ്റിക്കാതെ റിയാക്റ്റ് ചെയ്യാനുള്ള അണ്ടര്‍സ്റ്റാന്റിങ്ങും കെമിസ്ട്രിയും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ ചെയ്യുന്ന ഡാന്‍സിലാണെങ്കിലും ചില സീനുകളിലാണെങ്കിലും അങ്ങനെ തന്നെയാണ്. രോഹിണി പെട്ടെന്ന് എന്റെ മൈന്‍ഡ് മനസിലാക്കും. ഒരു ലവ് സീനില്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുകയായിരിക്കും. ആ സമയത്ത് ഞാന്‍ പെട്ടെന്ന് മടിയില്‍ തല വെച്ച് കിടക്കും.

അങ്ങനെയൊരു കാര്യം ചിലപ്പോള്‍ സംവിധായകന്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പക്ഷെ രോഹിണി ഒരിക്കലും അയ്യോ ഇതെന്തായെന്ന് ചോദിച്ചിട്ടില്ല. ആ ഫ്‌ളോയില്‍ അങ്ങ് പോകുകയാണ് ചെയ്യാറ്. പക്ഷെ ചില ആര്‍ട്ടിസ്റ്റുകള്‍ ഞാന്‍ അങ്ങനെ ചെയ്യുമ്പോള്‍ കട്ട് പറയും. അങ്ങനെയൊരു കെമിസ്ട്രി എനിക്കും രോഹിണിക്കും ഉണ്ടായിരുന്നു,’ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Rahman Talks About Rohini