| Friday, 18th October 2024, 10:33 am

ക്ലാസിക് സിനിമകളുടെ റീമേക്കിനോട് താത്പര്യമില്ല; അവ ക്ലാസിക്കുകളായി തന്നെയിരിക്കണം: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്‌മാന്‍ യുവതി യുവാക്കളുടെ ഹരമായി മാറിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ നടന് കഴിഞ്ഞിരുന്നു.

ചില ക്ലാസിക്കുകള്‍ വേറെയാളുകള്‍ അത് റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് റഹ്‌മാന്‍. ഈ കഴിഞ്ഞ കാലയളവില്‍ ചെയ്ത സിനിമകളില്‍ റീവിസിറ്റ് ചെയ്യാന്‍ തോന്നിയിട്ടുള്ള ഒരു കഥാപാത്രമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില ക്ലാസിക്കുകള്‍ ചെയ്തിട്ട് വേറെ ആളുകള്‍ അത് കൊണ്ടുപോയി റീമേക്ക് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ചില ക്ലാസിക്കുകള്‍ ക്ലാസിക്കുകളായി തന്നെയിരിക്കണം. അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് റീവിസിറ്റ് ചെയ്യാന്‍ തോന്നിയ പടം ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. കാരണം എന്റെ ഓരോ കഥാപാത്രങ്ങളെയും എടുത്ത് നോക്കുമ്പോള്‍, തീര്‍ച്ചയായും എനിക്ക് ആ പ്രായത്തിലേക്ക് തിരിച്ചെത്താന്‍ പറ്റില്ലെന്ന് ഉറപ്പാണ്,’ റഹ്‌മാന്‍ പറയുന്നു.

റഹ്‌മാന്‍ നായകനായി പുറത്തിറങ്ങി വെബ് സീരീസാണ് ‘1000 ബേബീസ്’. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ വെബ് സീരീസാണ് ഇത്. നജീം കോയ സംവിധാനം ചെയ്ത ഈ ത്രില്ലര്‍ സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയത്. റഹ്‌മാന് പുറമെ നീന ഗുപ്തയും ഈ സീരീസില്‍ എത്തുന്നുണ്ട്.

മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് ‘1000 ബേബീസ്’. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ ആദ്യ നാല് വെബ് സീരീസുകള്‍ക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ആദ്യ നാല് വെബ് സീരീസുകളുടെ ഴോണറുകളില്‍ നിന്ന് മാറി തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 ബേബീസ്’നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെന്‍സും നിറഞ്ഞ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസാണ് ഇത്.


Content Highlight: Rahman Talks About Remake Of Classic Movies

We use cookies to give you the best possible experience. Learn more