പൊന്നിയിൻ സെൽവൻ എന്ന പ്രൊജക്ടുമായി മനോ ബാല 20 വർഷം മുൻപേ തന്റടുത്ത് വന്നിരുന്നതാണെന്ന് നടൻ റഹ്മാൻ. അത് സൺ ടി.വിയുടെ സീരിയൽ ആയിരുന്നെന്നും അന്ന് താൻ ചെയ്യാനിരുന്ന കഥാപാത്രം നടൻ കാർത്തി ചെയ്ത വേഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
’20 വർഷം മുൻപ് പൊന്നിയിൻ സെൽവൻ പ്രൊജക്റ്റ് എന്റടുത്ത് വന്നിരുന്നു. മനോ ബാല സംവിധാനം ചെയ്യുന്ന സൺ ടി.വിയിലെ ഒരു സീരിയൽ ആയിട്ടായിരുന്നു അത് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നെ അത് നടന്നില്ല. അപ്പോഴേക്കും പൊന്നിയിൻ സെൽവന്റെ രണ്ട് ബുക്ക് വായിച്ചുകഴിഞ്ഞിരുന്നു. അന്ന് ഞാൻ ചെയ്യാനിരുന്നത് കാർത്തി ചെയ്ത കഥാപാത്രം ആയിരുന്നു.
പക്ഷെ ഞാൻ വളരെ ആകാംക്ഷയോടെയായിരുന്നു ആ ബുക്ക് വായിച്ചിരുന്നത്. പിന്നെയാ പ്രൊജക്റ്റ് നടക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല വിഷമമുണ്ടായിരുന്നു.
ഒരു 20 വർഷം കഴിഞ്ഞ് പത്രം വഴി ഞാൻ അറിഞ്ഞു മണിരത്നം അത് സിനിമയാക്കുന്നുണ്ടെന്ന്. അപ്പോഴേക്കും പ്രധാന കഥാപാത്രങ്ങളെയൊക്കെ അനൗൺസ് ചെയ്തുകഴിഞ്ഞിരുന്നു. വിക്രത്തിനെപോലെയുള്ള നടന്മാരൊക്കെ ഉണ്ടല്ലോ. ഈ ഒരു പ്രൊജക്റ്റിന്റെ ഭാഗമാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.
പിന്നെ എങ്ങനെയോ, എന്റെ ഫീലിങ്ങ്സ് ഒക്കെ കണ്ടിട്ടാകണം മണിരത്നത്തിന്റെ ഓഫിസിൽനിന്നെനിക്ക് കോൾ വന്നു, സാറിന് കാണണം എന്ന് പറഞ്ഞു. ചെന്നപ്പോൾ പൊന്നിയിൻ സെൽവനിലെ എന്റെ കഥാപാത്രത്തെപ്പറ്റി അദ്ദേഹം പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാ കഥാപാത്രങ്ങളെയും ഫിക്സ് ചെയ്തു, ഇനി എനിക്ക് ഏത് കഥാപാത്രമാണ് തരാൻ പോകുന്നതെന്നുള്ള കൺഫ്യൂഷൻ മാത്രമാണുണ്ടായിരുന്നത്. മധുരാന്തകനെ എനിക്ക് തന്നതിൽ വളരെ സന്തോഷമുണ്ട്,’ റഹ്‌മാൻ പറഞ്ഞു.
പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സമാരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽ.എൽ.ബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
Content highlights: Rahman talks about ponniyin selvan movie