മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മമ്മൂട്ടി, സുഹാസിനി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു കൂടെവിടെ. ഈ സിനിമയിലെ അഭിനയത്തിലൂടെ റഹ്‌മാന് മികച്ച രണ്ടാമത്തെ നടനുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാന്‍ സാധിച്ചു.
പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്‌മാന്‍ യുവതി യുവാക്കളുടെ ഹരമായി മാറി. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ന് അന്യഭാഷകളില്‍ സജീവമായ നടനാണ് റഹ്‌മാന്‍.
ഇപ്പോള്‍ മലയാള സിനിമകളില്‍ വണ്‍ മാന്‍ ഷോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം. താനും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും റഹ്‌മാന്‍ പറയുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നത്തെ സിനിമകളില്‍ ഈ വണ്‍ മാന്‍ ഷോ കളികളൊന്നും ഇല്ലായിരുന്നു. ഞാനും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എത്രയോ പടങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ആ സിനിമ അല്ലെങ്കില്‍ കഥാപാത്രം ചെയ്തിട്ട് പോകുമെന്നേയുള്ളു. അതിന്റെ ഇടയില്‍ ഇയാള്‍ക്ക് കൂടിപോയെന്നോ എനിക്ക് ഫൈറ്റ് ഇല്ലെന്നോയുള്ള ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ വണ്‍ മാന്‍ ഷോ കളികളാണ് അധികവും വരുന്നത്,’ റഹ്‌മാന്‍ പറഞ്ഞു.
താരത്തിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. റഹ്‌മാനെ കൂടാതെ ബാല, സൈജു കുറുപ്പ്, ഹരിശ്രീ അശോകന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷീലു എബ്രഹാം, മല്ലിക സുകുമാരന്‍, ആരാധ്യ ആന്‍, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, ടിനിടോം, സെന്തില്‍ കൃഷ്ണ, സുധീര്‍, ടിനി ടോം, രമേഷ് പിഷാരടി, സജിന്‍ ചെറുകയില്‍, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Content Highlight: Rahman Talks About Movie Industry