മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ജോഡിയാണ് മമ്മൂട്ടി – റഹ്‌മാന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അതിന് ശേഷം നിരവധി സിനിമകളില്‍ മമ്മൂട്ടിയും റഹ്‌മാനും ഒന്നിച്ചിരുന്നു. ഇപ്പോള്‍ നല്ല സബ്ജെക്റ്റുകള്‍ വന്നാല്‍ താന്‍ മമ്മൂട്ടിയുടെ കൂടെ വീണ്ടും സിനിമ ചെയ്യുമെന്ന് പറയുകയാണ് റഹ്‌മാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ബാഡ് ബോയ്സിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘നല്ല സബ്ജെക്റ്റുകള്‍ വന്നാല്‍ ഞാന്‍ ഇച്ചാക്കയുടെ കൂടെ എന്തായാലും സിനിമ ചെയ്യും. എല്ലാ ഇന്റര്‍വ്യൂകളിലും അദ്ദേഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരേ മറുപടി തന്നെയാണ് പറയാനുള്ളത്. അദ്ദേഹത്തെ ഞാന്‍ എന്റെ ജേഷ്ഠനായിട്ടാണ് കാണുന്നത്. വെറുതെ പറയുകയല്ല അത്.
എന്റെ ആദ്യ സിനിമ മുതല്‍ക്ക് തന്നെ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിക്കതിലും ചേട്ടനും അനിയനും പോലെയുള്ള കഥാപാത്രമാണ് വരാറുള്ളത്. പല പടങ്ങളിലുമായി ഞാന്‍ അദ്ദേഹത്തെ അച്ചായായെന്നും ചേട്ടായെന്നും ഇക്കായെന്നും വിളിച്ചിട്ടുണ്ട്.
അങ്ങനെയങ്ങനെ വിളിച്ചു വരികയാണ്. ഇതൊക്കെ എന്റെ ഇളം വയസിലാണ്. വിളിച്ച് വിളിച്ച് ഒരു ചേട്ടനെന്ന് പറയുമ്പോള്‍ മനസില്‍ വരുന്നത് ഇച്ചാക്കയുടെ മുഖമാണ്. പിന്നെ എനിക്കും ഇച്ചാക്കക്കും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഇതിന് മുമ്പ് സബ്ജെക്റ്റുകള്‍ വന്നിരുന്നു.
പക്ഷെ അവിടെയൊക്കെ ഞാനത് വേണ്ടെന്ന് പറയുകയായിരുന്നു. എന്റെ കഥാപാത്രത്തിനോട് യോജിക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. അങ്ങനെയുള്ള മൊമന്റുകളും ഉണ്ടായിട്ടുണ്ട്. എല്ലാ പടങ്ങളും ചാടികയറി ചെയ്യുന്ന ആളല്ല ഞാന്‍. രണ്ടുപേര്‍ക്കും നന്നായി ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും,’ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Rahman Talks About Mammootty