| Thursday, 12th September 2024, 7:58 am

ആ ടൈറ്റില്‍ ഞാന്‍ ആവശ്യപ്പെട്ടതല്ല; ചിലരുടെ മനസില്‍ ഇപ്പോഴും ഞാനൊരു എവര്‍ഗ്രീന്‍ സ്റ്റാര്‍: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ റഹ്‌മാന്‍ യുവതി യുവാക്കളുടെ ഹരമായി മാറിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

റഹ്‌മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലുവാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബാഡ് ബോയ്‌സില്‍ റഹ്‌മാന്‍ എത്തുന്നത് എവര്‍ഗ്രീന്‍ സ്റ്റാറെന്ന ടൈറ്റിലിലാണ്. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ ടൈറ്റിലിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

‘അത് ഞാന്‍ ആവശ്യപ്പെട്ടതല്ല. എന്നെ ഇഷ്ടമുള്ളവര്‍ ഇട്ടുതന്ന ടൈറ്റിലാണ് എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നത്. പണ്ട് മുതല്‍ക്ക് തന്നെ ചില സിനിമകളില്‍ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ ഉപയോഗിച്ചിരുന്നു. ചിലരുടെ മൈന്‍ഡില്‍ ആ ടൈറ്റില്‍ ഇപ്പോഴുമുണ്ട്. ഒമറിന്റെ മൈന്‍ഡില്‍ എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. ഞാന്‍ ഒന്നും ഫോളോ ചെയ്യാറില്ല. ഇഷ്ടമുള്ളവര്‍ ആ ടൈറ്റില്‍ ഇടാറുണ്ട്, അല്ലാത്തവര്‍ ഇടാറില്ല,’ റഹ്‌മാന്‍ പറഞ്ഞു.

ഓണം റിലീസായി എത്തുന്ന സിനിമയാണ് ബാഡ് ബോയ്‌സ്. ചിത്രത്തില്‍ റഹ്‌മാന് പുറമെ ബാല, സൈജു കുറുപ്പ്, ഹരിശ്രീ അശോകന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷീലു എബ്രഹാം, മല്ലിക സുകുമാരന്‍, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, ടിനി ടോം, സെന്തില്‍ കൃഷ്ണ, സുധീര്‍, രമേഷ് പിഷാരടി, സജിന്‍ ചെറുകയില്‍, ദേവന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയാണ് ഒന്നിക്കുന്നത്. ഈ സിനിമയെ കുറിച്ചും റഹ്‌മാന്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘എല്ലാ ഇന്റര്‍വ്യൂവിലും ബാഡ് ബോയ്‌സ് ഒരു ഫണ്‍ നിറഞ്ഞ സിനിമയാണെന്നാണ് പറഞ്ഞിട്ടുള്ളത്. സത്യത്തില്‍ ഈ സിനിമയില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഫൈറ്റിന് ഫൈറ്റ്, ഡാന്‍സിന് ഡാന്‍സ്, സെന്റിമെന്റ്‌സ് ഉള്‍പ്പെടെയുള്ള എല്ലാമുണ്ട്. വലിയ സ്‌കെയിലിലാണ് ഇതിനെ അവതരിപ്പിച്ചതെന്ന വ്യത്യാസം മാത്രമേയുള്ളു. ഫണ്ണായിട്ട് വെറുതെ എടുത്ത സിനിമയല്ല ഇത്. നല്ലൊരു സിനിമയാണ്. അല്ലെങ്കില്‍ ഞാന്‍ ചെയ്യില്ലായിരുന്നു.

എനിക്ക് വരുന്ന എല്ലാ സിനിമയും ചെയ്യുന്ന ആളല്ല ഞാന്‍. കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ചെയ്യുകയുള്ളു. പിന്നെ എനിക്ക് ഈ സിനിമ ശരിക്കും ഒരു ചലഞ്ചിങ്ങാണ്. ഇതുവരെ ചെയ്യാത്ത ഴോണറിലാണ് ഈ സിനിമ. കഥാപാത്രവും അങ്ങനെ തന്നെയാണ്. വളരെ ലൂസായിട്ടാണ് കഥാപാത്രം. അങ്ങനെയുള്ള കഥാപാത്രം ഞാന്‍ ചെയ്തിട്ടില്ല,’ റഹ്‌മാന്‍ പറഞ്ഞു.


Content Highlight: Rahman Talks About His Evergreen Star Title

We use cookies to give you the best possible experience. Learn more