| Sunday, 4th December 2022, 10:32 pm

അച്ഛന്‍ കഥാപാത്രമാവണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, ഇമേജിനെ ബാധിക്കുമോ എന്ന് ഭയന്നു; സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തെ പറ്റി റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ റഹ്‌മാന്‍ നായകനായി പുറത്ത് വന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമാണ് ധ്രുവങ്ങള്‍ 16. 21കാരനായ കാര്‍ത്തിക് നരേന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം യാതൊരു പ്രതീക്ഷയുമില്ലാതെ തിയേറ്ററുകളില്‍ വന്ന് സര്‍പ്രൈസ് ഹിറ്റടിക്കുകയായിരുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ വന്നപ്പോള്‍ പുതുമുഖ സംവിധായകനായതിനാലും പ്രായം കുറവായതിനാലും താന്‍ വലിയ താല്‍പര്യം കാണിച്ചില്ലായിരുന്നുവെന്നും ഷൂട്ടിനിടക്കും ദേഷ്യത്തോടെയാണ് സംസാരിച്ചതെന്നും പറയുകയാണ് റഹ്‌മാന്‍.

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയുടെ അച്ഛനാവണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചില്ലെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞു.

‘ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തില്‍ എനിക്ക് പ്രായപൂര്‍ത്തിയായ ഒരു മകനുണ്ട്. ഇത്രയും വലിയ മകന്‍ വന്നാല്‍ എന്റെ ഇമേജ് പോവും, പിന്നെ നാളെ എനിക്ക് എല്ലാവരും അപ്പന്‍ വേഷമേ തരൂ എന്ന് ഞാന്‍ പറഞ്ഞു. അവര്‍ അതിന് ഒരു മടി കാണിച്ചു. മകനെ കുഞ്ഞാക്കാനും വയ്യ, കാരണം സിനിമയില്‍ അവന് ഒരു ലവ് അഫയറുണ്ട്.

ഒരു കാര്യം ചെയ്യ്, അനിയനാക്ക്, ഇവിടെ അണ്ണന്‍-തമ്പി സെന്റിമെന്റ്‌സ് വര്‍ക്കാവുമല്ലോ എന്ന് ഞാന്‍ പറഞ്ഞു. ശരിയെന്ന് പറഞ്ഞ് അങ്ങനെയാക്കി. ഷൂട്ടിങ് തുടങ്ങി ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സിനെ പറ്റി ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. അനിയനായി പോയാല്‍ ക്ലൈമാക്‌സിന് എത്രയും സ്‌ട്രെങ്ത് വരും എന്ന് ആലോചിക്കാന്‍ തുടങ്ങി. അച്ഛന്‍ തന്നെയായാലേ അതിന്റെ എഫക്ട് കിട്ടൂ എന്നെനിക്ക് മനസിലായി. അച്ഛനായി തന്നെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവരും ഭയങ്കര ഹാപ്പിയായി.

പിന്നെ യൂണിഫോം ഇടില്ലെന്ന് ഞാന്‍ പറഞ്ഞു. ഇതൊക്കെ ദേഷ്യത്തിലാണ് ഞാന്‍ പറഞ്ഞത്. ഇതൊക്കെ പറയുമ്പോള്‍ ഇവര്‍ എന്നെ അവഗണിച്ച് പോകുമെന്നാണ് വിചാരിച്ചത്. യൂണിഫോം വേണ്ട സാര്‍ എന്ന് പറഞ്ഞു. സിങ്കത്തിലെ സൂര്യയെ പോലെ മസില്‍ പിടിച്ച് നടക്കില്ല, എനിക്ക് അത്തരം സിനിമകള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞു. നിങ്ങള്‍ എങ്ങനെ അഭിനയിക്കുന്നോ അങ്ങനെ മതിയെന്ന് പറഞ്ഞു.

അങ്ങനെയാണ് അത് മാറ്റിപ്പിടിക്കാം എന്ന് വിചാരിച്ചത്. പിന്നെ ഓരോ സീനും എടുക്കുമ്പോള്‍ അങ്ങോട്ട് നടക്കുന്നു ഇങ്ങോട്ട് നടക്കുന്നു, അങ്ങനെ നാച്ചുറലായി ചെയ്യാന്‍ തുടങ്ങി. സത്യത്തില്‍ കാര്‍ത്തിക് ഭയങ്കര ബ്രില്യന്റാണ്. എന്റെ കരിയറിലെ തന്നെ ഒരു സിഗ്നേചറാണ് ആ സിനിമ എന്ന് പറയാം,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: rahman talks about his character changr in druvanagal 16 movie

We use cookies to give you the best possible experience. Learn more