മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായ അദ്ദേഹം യുവതി യുവാക്കളുടെ ഹരമായി മാറിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.
നടന്റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ഗണപത്: എ ഹീറോ ഈസ് ബോണ്‍. ടൈഗര്‍ ഷ്രോഫ് നായകനായ ഗണപതില്‍ അമിതാഭ് ബച്ചന്‍ ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. റഹ്‌മാന്റെ അച്ഛനായാണ് ബച്ചന്‍ അഭിനയിച്ചത്. ഇപ്പോള്‍ അമിതാഭ് ബച്ചനോട് സംസാരിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് റഹ്‌മാന്‍.
‘എനിക്ക് അമിതാഭ് ബച്ചന്‍ സാറുമായി ഒരു ഫാന്‍ മൊമന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം കേട്ട് ഞാന്‍ ഏറെ ഷോക്കായിരുന്നു. അദ്ദേഹം എന്റെ ചില സിനിമകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ തമിഴില്‍ ഒരു വിവാദമായ സിനിമയില്‍ അഭിനയിച്ചിരുന്നു.
ആ സമയത്ത് അദ്ദേഹം സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ആ കാര്യം എനിക്ക് അദ്ദേഹം പറയുന്നത് വരെ അറിയില്ലായിരുന്നു. ആ സിനിമയില്‍ പൊളിലിറ്റിക്കല്‍ പാര്‍ട്ടി ബേസ്ഡായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. പടത്തിന്റെ പേര് കുറ്റപട്രികൈ എന്നായിരുന്നു.
ഞാന്‍ അദ്ദേഹത്തോട് സംസാരിച്ച ദിവസം സാര്‍ ആ സിനിമയുടെ കാര്യം ചോദിച്ചു. അദ്ദേഹത്തിന് ഇന്നും ആ സിനിമ ഓര്‍മയുണ്ടെന്ന് മനസിലായപ്പോള്‍ ഞാന്‍ ശരിക്കും ഷോക്കായി. 17 വര്‍ഷം മുമ്പായിരുന്നു ആ സിനിമ പുറത്തിറങ്ങിയത്,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Rahman Talks About Amitabh Bachchan