|

ഇച്ചാക്ക മാത്രമാണ് ആ ചിത്രം വിജയമാവുമെന്ന് വിശ്വസിച്ചത്, അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി: റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ വമ്പൻ വിജയചിത്രങ്ങളിൽ ഒന്നാണ് രാജമാണിക്യം. അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്.

മമ്മൂട്ടി, റഹ്മാൻ, സായികുമാർ, പത്മപ്രിയ, മനോജ്‌. കെ. ജയൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മമ്മൂട്ടിയുടെ വ്യത്യസ്ത പ്രകടനം കൊണ്ടും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇതുവരെ കാണാത്ത മമ്മൂട്ടിയെയായിരുന്നു രാജമാണിക്യത്തിൽ മലയാളികൾ കണ്ടത്. ബെല്ലാരി രാജയെന്ന കഥാപാത്രമായി മാസ് വേഷത്തിലായിരുന്നു ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

എന്നാൽ വലിയ സമ്പത്തിക വിജയം നേടി തരംഗമായ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപെടുമെന്നാണ് താൻ കരുതിയതെന്ന് നടൻ റഹ്മാൻ പറയുന്നു. തന്നെപോലെ ബാക്കി അഭിനേതാക്കൾക്കും ആ ചിത്രത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നും ഒരു തമിഴ് സിനിമ പോലെയാണ് അത് മുന്നോട്ട് പോയതെന്നും റഹ്മാൻ പറഞ്ഞു.

എന്നാൽ ചിത്രം വലിയ വിജയമാവുമെന്ന് മമ്മൂട്ടിക്ക്‌ മാത്രം ഉറപ്പുണ്ടായിരുന്നുവെന്നും റഹ്മാൻ ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം രാജുവെന്ന കഥാപാത്രമായാണ് റഹ്മാൻ ചിത്രത്തിൽ എത്തിയത്.

‘രാജമാണിക്യം സൂപ്പർ ഡ്യുപ്പർ ഹിറ്റ്‌ സിനിമയല്ലേ. പക്ഷെ അതിൽ വർക്ക്‌ ചെയ്യുന്ന സമയത്ത് ഞാൻ ഒരിക്കലും വിചാരിച്ചില്ല അത് വിജയമാവുമെന്ന്. ഞാനും ബാക്കിയുള്ള നടന്മാർക്കൊന്നും ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഞങ്ങൾ കരുതിയത് എന്താണ് ഈ സിനിമ ഇങ്ങനെ പോവുന്നതെന്നാണ്. തമിഴ് സ്റ്റൈലിൽ ആണല്ലോ സിനിമ മുന്നോട്ട് പോവുന്നത്.

എനിക്ക് തോന്നുന്നത് ആകെ കോൺഫിഡൻസ് ഉണ്ടായിരുന്നത് ഒരാൾക്ക് മാത്രമായിരുന്നു എന്നാണ്. ഇച്ചാക്കയ്‌ക്ക്. മമ്മൂക്കക്ക്‌ മാത്രമായിരുന്നു ആ സിനിമ വിജയമാവുമെന്ന് ഉറപ്പുണ്ടായിരുന്നത്. പക്ഷെ എനിക്കൊന്നും അങ്ങനെ തോന്നിയിട്ടില്ല. എന്നാൽ ആ സിനിമ ഗംഭീര വിജയമല്ലേ,’റഹ്മാൻ പറയുന്നു.

Content Highlight: Rahman Talk About  Rajamanikyam Movie