Advertisement
Entertainment
ആ രണ്ട് നടന്മാരുടെയും അഭിനയം ഞാൻ അന്തംവിട്ട് നോക്കി നിന്നിട്ടുണ്ട്: റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 10, 03:17 pm
Tuesday, 10th September 2024, 8:47 pm

പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്മാൻ. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടാൻ റഹ്മാൻ കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച റഹ്മാൻ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാം വരവിലും മികച്ച വേഷങ്ങളുടെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിച്ചു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്‌സാണ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ തനിക്ക് കുറച്ച് ഹ്യൂമർ ചെയ്യാനുണ്ടെന്നും എന്നാൽ പരിചയമില്ലാത്തതിന്റെ ഒരു ടെൻഷൻ തനിക്കുണ്ടായിരുന്നുവെന്നും റഹ്മാൻ പറയുന്നു. ചെറുപ്പത്തിൽ ജഗതി ശ്രീകുമാറും ഇന്നസെന്റുമെല്ലാം അഭിനയിക്കുന്നത് താൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും റഹ്മാൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

‘കോമഡി ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സീരിയസ് കഥാപാത്രങ്ങൾ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ എനിക്ക് മനസിലായി, ഇതത്ര എളുപ്പമല്ലെന്ന്. ചെറുപ്പത്തിൽ അമ്പിളി ചേട്ടനും ഇന്നസെന്റ് ചേട്ടനും എന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്.

അവരുടെ ടൈമിങ് കണ്ട് ഞാൻ അന്തം വിട്ട് നോക്കിനിന്നിട്ടുണ്ട്. എങ്ങനെയാണ് അവർ അഭിനയിക്കുന്നതെന്ന് ഞാൻ ഓർത്തിട്ടുണ്ട്. കാരണം ഇപ്പോഴും അവരുടെ മുഖം സീരിയസ് ആയിരിക്കും.

പക്ഷെ നമ്മൾ സ്‌ക്രീനിൽ കാണുമ്പോൾ നല്ല ചിരിച്ച് തമാശയായിട്ടായിരിക്കും ഉണ്ടാവുക. ആ ടൈമിങ്ങിലാണ് എല്ലാമിരിക്കുന്നത്. അതിലാണ് ഹ്യൂമറുള്ളത്.

അതൊന്നും എനിക്ക് പരിചയമില്ലാത്തതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അതൊക്കെ ഈ സിനിമയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ ഉള്ളിലൊരു കോമേഡിയനുണ്ട്. പക്ഷെ അതെന്റെ വീട്ടിലോ സുഹൃത്തുക്കൾക്കിടയിലോയാണ് ഞാൻ പുറത്തെടുക്കാറുള്ളത്. അവരുടെയൊക്കെ മുമ്പിൽ ഞാൻ ഈ കാണുന്ന റഹ്മാനല്ല. മൊത്തത്തിൽ വേറെയൊരാളാണ്,’റഹ്മാൻ പറയുന്നു.

Content Highlight: Rahman Talk About jagathy sreekumar and innocent