| Friday, 23rd February 2024, 9:22 am

സഞ്ജയ്‌ ദത്തൊക്കെയായിരുന്നു എന്റെ ധൈര്യം, കാരണം അങ്ങനയൊരു വേഷം എന്റെ ആഗ്രഹമായിരുന്നു: റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷകർ നമ്മളെ സ്വീകരിക്കുമെന്നും എന്നാൽ സിനിമാ മേഖല ചിലപ്പോൾ ടൈപ്പ്കാസ്റ്റ് ചെയ്യുമെന്നും റഹ്മാൻ പറയുന്നു.

ചോക്ലേറ്റ് കഥാപാത്രങ്ങൾ ചെയ്യുന്ന സമയത്ത് ഒരു ആന്റി ഹീറോ വേഷം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെ ചെയ്ത ചിത്രമാണ് ‘എതിരി’യെന്നും റഹ്മാൻ പറഞ്ഞു. ഒരു ചിത്രത്തിൽ വില്ലനായാൽ പിന്നെ ഇൻഡസ്ട്രിയിൽ അതൊരു സംസാരമാവുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് എങ്ങനെ മോഹങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്ത് എന്നെ തേടിവന്നാലും ഞാനത് അക്സെപ്റ്റ് ചെയ്യും. എനിക്കൊരു കംഫർട്ട് സോണില്ല. ഞാൻ ഏതു സിനിമ ചെയ്യുമ്പോഴും ഒരു എക്സാമിന് പോകുന്ന പോലെയാണ്. സിനിമയിൽ ഒരു ഇടവേള വന്നപ്പോൾ നിലനിൽപ്പിനുവേണ്ടി ഞാൻ മാറാൻ തുടങ്ങി.

ആ ഒരു ഇടവേളക്ക് ശേഷം ഞാൻ തിരിച്ചു വന്നത് എതിരി എന്നു പറയുന്ന സിനിമയിലൂടെയാണ്. വില്ലൻ ആയിട്ടാണ് ഞാൻ ആ ചിത്രത്തിൽ വന്നത്. ആദ്യമായി ഞാൻ നെഗറ്റീവ് റോൾ ചെയ്ത ചിത്രമാണത്. പണ്ടുമുതലേ ഒരു ആന്റി ഹീറോ വേഷം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചോക്ലേറ്റ് ഹീറോയായി അഭിനയിക്കുന്നത് മടുത്തിരുന്നു. വേറെ വേഷങ്ങൾ ചെയ്യണമെന്ന് കരുതിയപ്പോൾ ആരും അങ്ങനെയൊരു കഥാപാത്രം തന്നിരുന്നില്ല.

അങ്ങനെയാണ് ഞാൻ എതിരിയിൽ എത്തുന്നത്. മാധവൻ ആയിരുന്നു അതിലെ നായകൻ. കെ.എസ്. ശ്രീകുമാറാണ് അതിന്റെ ഡയറക്ടർ. അദ്ദേഹത്തിന്റെ ആദ്യത്തെ പടത്തിലെ ഹീറോ ഞാനായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ആദ്യത്തെ സിനിമയിലൂടെ ആദ്യമായി ഞാൻ വില്ലനുമായി.

അങ്ങനെ സിനിമ ചെയ്തു. പ്രേക്ഷകർ ഒരുപക്ഷേ അത് അംഗീകരിക്കും പക്ഷേ സിനിമ ഇൻഡസ്ട്രി തന്നെ ചിലപ്പോൾ നമ്മളെ ടൈപ്പ്കാസ്റ്റ് ചെയ്യും. അന്ന് ഹിന്ദിയിൽ സഞ്ജയ്‌ ദത്തൊക്കെ എല്ലാ വേഷങ്ങളും ചെയ്യുന്നതാണ് എനിക്ക് ധൈര്യം തന്നത്. അവിടെ അത് സാധാരണമായിരുന്നു. അതുപോലെയാണ് ഞാൻ ഇത് ചെയ്തത്. അതിന് എനിക്ക് ബെസ്റ്റ് വില്ലന്റെ അവാർഡ് ഒക്കെ കിട്ടിയിരുന്നു.

പക്ഷെ ഇൻഡസ്ട്രിയൽ അതൊരു സംസാരമാവും. പിന്നെ അടുത്ത ഒരു സിനിമ വരുമ്പോൾ അതിലും ചിലപ്പോൾ എനിക്ക് വില്ലൻ വേഷമായിരിക്കും കിട്ടുക. നല്ല സിനിമകൾ ചെയ്യാൻ വേണ്ടി വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഞാൻ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളൂ.

അജിത്തിന്റെ ബില്ല, സിങ്കം 2. ഇതൊക്കെ കണ്ടിട്ട് പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. പക്ഷേ അവർ ഒരിക്കലും ഇനി വില്ലൻ വേഷം ചെയ്താൽ മാത്രം മതിയെന്ന് പറയുന്നില്ല,’റഹ്മാൻ പറയുന്നു.

Content Highlight: Rahman Talk About His Negative Roles

We use cookies to give you the best possible experience. Learn more