പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്മാൻ. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടാൻ റഹ്മാന് കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച റഹ്മാൻ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാം വരവിലും മികച്ച വേഷങ്ങളുടെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിച്ചു.
ഇന്നും തന്റെ യൗവനം കാത്ത് സൂക്ഷിക്കുന്ന നടനാണ് റഹ്മാൻ. ഇപ്പോഴും എന്തുകൊണ്ടാണ് ചെറുപ്പമായിരിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റഹ്മാൻ. എല്ലാത്തരം ഭക്ഷണവും കഴിക്കുന്ന ഒരാളാണ് താനെന്നും പക്ഷെ ഒരു പരിധി വെച്ച് മാത്രമേ എല്ലാം കഴിക്കുകയുള്ളൂവെന്നും റഹ്മാൻ പറയുന്നു. ഒരു സിനിമ വരുമ്പോൾ മാത്രമാണ് ശരീരം ശ്രദ്ധിക്കാറുള്ളതെന്നും റഹ്മാൻ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.
‘ഞാൻ എല്ലാം കഴിക്കുന്ന ഒരാളാണ്. ഹെൽത്തിയും കഴിക്കും, അൺഹെൽത്തിയും കഴിക്കും. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു സിനിമ വരുമ്പോൾ അതിന് വേണ്ടിയാണ് ഞാൻ ബോഡി ശ്രദ്ധിക്കുന്നത്.
ഫുഡൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ഒരു സമയം വരെ ഞാൻ അതിൽ വലിയ രീതിയിൽ ശ്രദ്ധിച്ചിരുന്നു. കൃത്യമായി ഡയറ്റ് നോക്കുന്ന ഒരാളായിരുന്നു ഞാൻ. എനിക്ക് ഡയറ്റീഷൻമാരൊക്കെ ഉണ്ടായിരുന്നു.
പക്ഷെ എന്തൊക്കെ പറഞ്ഞാലും, എന്റെ ഒരു അനുഭവത്തിൽ അത് പണവും സമയവുമെല്ലാം വെറുതെ കളയുന്നതിന് തുല്യമാണ്. നമ്മുടെ ആരോഗ്യത്തെ കുറിച്ച് വിവരമുണ്ടെങ്കിൽ നമുക്ക് ചെയ്യാവുന്നതേയുള്ളൂ.
എന്തും കഴിക്കാം. പക്ഷെ നമ്മുടെ മനസ് ഹാപ്പിയാവണം. കഴിക്കുന്നത് കേക്ക് ആണെങ്കിലും ചോക്ലേറ്റ് ആണെങ്കിലും എന്തു വേണമെങ്കിലും കഴിക്കാം. പക്ഷെ നമ്മൾ ഓർക്കണം, ഒരു പരിധിക്കപ്പുറം കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന്,’റഹ്മാൻ പറയുന്നു.
Content Highlight: Rahman Talk About His Health And Foods