മാസ് സിനിമകള്‍ മാത്രമേ ഇപ്പോള്‍ വലിയ വിജയമാകൂ എന്ന ചിന്ത തകര്‍ത്ത മലയാള ചിത്രമാണത്: റഹ്‌മാന്‍
Entertainment
മാസ് സിനിമകള്‍ മാത്രമേ ഇപ്പോള്‍ വലിയ വിജയമാകൂ എന്ന ചിന്ത തകര്‍ത്ത മലയാള ചിത്രമാണത്: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 9:02 pm

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ വലിയൊരു ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ റഹ്‌മാന് സാധിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം പിടിച്ചുനിന്ന നടനായിരുന്നു റഹ്‌മാന്‍.

മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ച റഹ്‌മാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. രണ്ടാം വരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ റഹ്‌മാന് സാധിച്ചു. മലയാളസിനിമയില്‍ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഗ്ലോബല്‍ അറ്റന്‍ഷന്‍ കിട്ടിയ ഇന്‍ഡസ്ട്രികളിലൊന്നാണ് മലയാളസിനിമയെന്ന് റഹ്‌മാന്‍ പറഞ്ഞു.

കരണ്‍ ജോഹര്‍, വെട്രിമാരന്‍ തുടങ്ങിയ സംവിധായകര്‍ പങ്കുടുക്കുന്ന ചര്‍ച്ചയിലെ പ്രധാനവിഷയമായി മലയാളസിനിമ കടന്നുവരാറുണ്ടെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഇക്കാര്യത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും തിയേറ്റില്‍ നിന്ന് മാത്രമേ സിനിമ കാണാന്‍ കഴിയൂ എന്ന ധാരണ ഇതോടെ ഇല്ലാതായെന്നും റഹ്‌മാന്‍ പറഞ്ഞു.

തിയേറ്ററിന് വേണ്ടി മാത്രം സിനമകള്‍ ഉണ്ടാക്കുന്ന കാലമാണിതെന്നും എന്നാല്‍ മാസ് മസാല ഴോണര്‍ അല്ലാത്ത സിനിമകള്‍ പോലും വലിയ ചര്‍ച്ചയാകാറുണ്ടെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കേരളത്തിന് പുറത്തും ഹിറ്റായത് അതിന്റെ കണ്ടന്റ് കാരണമാണെന്നും റഹ്‌മാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളസിനിമ ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന ഗ്രോത്ത് വളരെ വലുതാണ്. കരണ്‍ ജോഹര്‍, വെട്രിമാരന്‍ പോലുള്ള സംവിധായകര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പ്രധാനവിഷയം മലയാളസിനിമയും നമ്മള്‍ അവതരിപ്പിക്കുന്ന കണ്ടന്റുകളുമാണ്. എനിക്ക് തോന്നുന്നത് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനാടയിലാണ് ഈ കാര്യങ്ങളെല്ലാം സംഭവിച്ചത്. അതിന് പ്രധാന പങ്കുവഹിച്ചത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ്. തിയേറ്ററില്‍ നിന്ന് മാത്രമേ സിനിമ കാണാന്‍ കഴിയൂ എന്ന ചിന്തയില്‍ നിന്ന് നമ്മള്‍ ഒരുപാട് മാറി.

ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി മാത്രം എടുക്കുന്ന സിനിമ, തിയേറ്ററിന് വേണ്ടി എടുക്കുന്ന സിനിമ എന്നിങ്ങനെ ഇപ്പോള്‍ തരംതിരിക്കാന്‍ തുടങ്ങി. തിയേറ്ററില്‍ എത്തുന്നവരെ ആദ്യം തൊട്ട് അവസാനം വരെ എന്‍ജോയ് ചെയ്യിക്കാന്‍ കഴിയുന്ന സിനിമകള്‍ മാത്രമേ വലിയ ഹിറ്റാകുന്നുള്ളൂ. ചുരുക്കം സിനിമകള്‍ അങ്ങനെ അല്ലാതെയും ഹിറ്റാകുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറത്ത് ഹിറ്റായത് അതിന് ഉദാഹരണമാണ്. കണ്ടന്റാണ് മെയിന്‍,’ റഹ്‌മാന്‍ പറയുന്നു.

Content Highlight: Rahman says that OTT Platforms influenced in the growth of Malayalam cinema