| Friday, 18th November 2022, 11:54 pm

ആ കഥാപാത്രം അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറഞ്ഞു, അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല: റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്ത് വന്ന ചിത്രമാണ് ട്രാഫിക്ക്. മലയാള സിനിമയുടെ മാറ്റത്തിന് വഴിത്തെളിച്ച ചിത്രത്തില്‍ റഹ്മാന്‍, ലെന, ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തിയത്.

സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സിനിമ സൂപ്പര്‍ സ്റ്റാറിനെയാണ് ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിച്ചത്. റിലീസിന് പിന്നാലെ മമ്മൂട്ടിയെ അനുകരിച്ചാണ് റഹ്മാന്‍ ഈ കഥാപാത്രം ചെയ്തതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ മനസില്‍ പോലും അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലെന്നും ഇതിനെ പറ്റി മമ്മൂട്ടിയോട് സംസാരിച്ചിരുന്നു എന്നും പറയുകയാണ് റഹ്മാന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറയുന്നത് കേട്ടു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. പക്ഷേ എന്റെ മനസില്‍ അത് കിടപ്പുണ്ടായിരുന്നു. പലരും അത് പറഞ്ഞു.

ഞാനത് ഇച്ചാക്കയോട് പോയി പറഞ്ഞു. ഇച്ചാക്ക ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്, പക്ഷേ ഞാന്‍ നിങ്ങളെ വെച്ച് ചെയ്തതല്ല എന്ന് പറഞ്ഞു. ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നാണ്. പുള്ളി അത് നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. പുള്ളിയാണ് ഫസ്റ്റ് ന്യൂസ് കേള്‍ക്കുന്ന ആള്‍.

കഥ കേള്‍ക്കുമ്പോഴൊന്നും തോന്നിയിട്ടില്ല. പടം ഇറങ്ങിക്കഴിഞ്ഞാണ് ആളുകള്‍ പറയുന്നത് കേള്‍ക്കുന്നത്. പിന്നെ ഇച്ചാക്കയെ കണ്ടപ്പോള്‍ ഒരു കുറ്റബോധം ഉണ്ടായിരുന്നു. മനപ്പൂര്‍വം അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്തു എന്ന് വിചാരിക്കാതിരിക്കാന്‍ ഞാന്‍ പുള്ളിയോട് പോയി സംസാരിച്ചു, എനിക്കൊന്നും തോന്നിയില്ലെടാ, ആള്‍ക്കാര് അങ്ങനെയൊക്കെ പറയുന്നത് എന്തിനാ കേള്‍ക്കാന്‍ പോകുന്നത്, വിട്ടുകളയാന്‍ പറഞ്ഞു,’ റഹ്മാന്‍ പറഞ്ഞു.

Content Highlight: rahman says he didn’t mammootty in traffic movie

We use cookies to give you the best possible experience. Learn more