| Thursday, 24th November 2022, 7:00 pm

തമിഴിലേക്ക് പോയപ്പോള്‍ ഇവിടെ തഴയപ്പെട്ടു, എന്നെ പറ്റി പല കഥകളും പ്രചരിച്ചു, ആരാണ് പറഞ്ഞതെന്നൊക്കെ അറിയാം: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ സജീവമായ സമയത്ത് തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് റഹ്‌മാന്‍. പ്രതിഫലം കൂട്ടി, ഡേറ്റ് കിട്ടാന്‍ പാടാണ് എന്ന് തുടങ്ങി നിരവധി കഥകള്‍ തന്നെകുറിച്ച് പ്രചരിച്ചുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞു.

‘തമിഴില്‍ എന്റെ ചില പടങ്ങള് ഹിറ്റായി. അപ്പോള്‍ സ്വഭാവികമായും കൂടുതല്‍ സിനിമകള്‍ വരാന്‍ തുടങ്ങി. അന്ന് തമിഴിലാണെങ്കില്‍ ആറ് മാസം മുമ്പ് തന്നെ വന്ന് ഡേറ്റ് വാങ്ങി പോകും. പക്ഷേ മലയാളത്തില്‍ അടുത്ത ആഴ്ചയായിരിക്കും ഡേറ്റ് ചോദിക്കുക. അല്ലെങ്കില്‍ അടുത്ത മാസമായിരിക്കും. അങ്ങനെ വന്നപ്പോള്‍ എനിക്ക് മലയാളത്തില്‍ ഡേറ്റ് കൊടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. തമിഴില്‍ വളരെ ബിസിയായി പോയി. മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടും പോവാന്‍ പറ്റാത്ത അവസ്ഥയായി. അത് തെറ്റിദ്ധാരണയുമുണ്ടാക്കി. ‘അവന് അവിടെ ഭയങ്കര തിരക്കാണത്രേ. ഡേറ്റ് തരാനുള്ള സമയമില്ല’ എന്നുള്ള സംസാരമുണ്ടായി.

അന്ന് ഞാനത് തിരുത്തിയില്ല. അതുകൊണ്ട് എന്നെക്കുറിച്ച് നെഗറ്റീവായ ഇമേജുണ്ടായി. ഞാന്‍ ഇവരെ ആരേയും മൈന്‍ഡ് ചെയ്യുന്നില്ല എന്നൊക്കെ പരന്നു. ഇഷ്ടമില്ലാത്തവരായിരിക്കും അങ്ങനെയൊക്കെ പറഞ്ഞുപരത്തിയത്. അന്ന് മൊബൈല്‍ ഫോണൊന്നുമില്ലല്ലോ. ഇടയില്‍ സംസാരിക്കുന്നവരായിരിക്കും ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്. അന്ന് ഞാന്‍ ഇതൊന്നും അറിഞ്ഞില്ല.

മലയാള സിനിമയില്‍ നിന്നുമുള്ള അവസരങ്ങള്‍ അങ്ങനെ കുറഞ്ഞുകൊണ്ടിരുന്നു. ഈ പറഞ്ഞ വിഷയങ്ങള്‍ കൊണ്ടൊക്കെ തന്നെയായിരിക്കും. എന്നെ കിട്ടാന്‍ പാടാണ്, ഞാന്‍ ഒരുപാട് പൈസ ചോദിക്കുന്നു, ഡേറ്റ് തരാന്‍ ബുദ്ധിമുട്ടാണ്, കഥ കേള്‍ക്കണം തുടങ്ങിയ ഡിമാന്‍ഡുകള്‍ വെക്കുന്നു എന്ന് സംസാരമുണ്ടായി. ആരാണ് പറയുന്നത് എന്നൊക്കെ എനിക്ക് അറിയാം. ഇത് എന്നോട് പലരും പറയാറുണ്ടായിരുന്നു. ഇതൊക്കെ കേട്ട് വലിയ സംവിധായകര്‍ക്ക് എന്നെ സമീപിക്കാന്‍ തന്നെ മടിയായി.

ഒരിക്കല്‍ ഇതുപോലെ വന്നപ്പോള്‍ ഫാസില്‍ സാറിനെ കണ്ട് തിരുത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ഒരു തെറ്റിദ്ധാരണ ഉണ്ടായപ്പോള്‍ പോയി സംസാരിച്ചു. തമിഴും മലയാളവും ഒന്നിച്ച് ചെയ്യാന്‍ വേണ്ടിയിരുന്ന സബ്ജക്ടായിരുന്നു. ഡേറ്റ് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഡേറ്റ് ചോദിച്ചാല്‍ എങ്ങനെയാണ് തരുന്നത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. പക്ഷേ ഇക്കാര്യം അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍ വേറെയായി,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Rahman said that while he was active in Tamil cinema, he had fewer opportunities in Malayalam

We use cookies to give you the best possible experience. Learn more