Entertainment
നീന ഗുപ്തയും റഹ്‌മാനും ഒന്നിക്കുന്ന വെബ് സീരീസെത്തുന്നു; ത്രില്ലറടിപ്പിക്കുന്ന ടീസറുമായി ഹോട്ട്സ്റ്റാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 24, 05:23 am
Saturday, 24th August 2024, 10:53 am

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ മലയാളം സീരീസാണ് ‘1000 Babies’. മലയാളത്തിലെ അഞ്ചാമത്തെ സീരീസാണ് ഇത്. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്നീ ആദ്യ നാല് വെബ് സീരീസുകള്‍ക്കും മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ആദ്യ നാല് വെബ് സീരീസുകളുടെ ഴോണറുകളില്‍ നിന്ന് മാറി തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ‘1000 Babies’നുള്ളത്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെന്‍സും നിറഞ്ഞ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസാകും ഇത്.

ഈയിടെയായിരുന്നു ‘1000 Babies’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഹോട്ട്സ്റ്റാര്‍. തികച്ചും ഒരു മിനിട്ട് പോലുമില്ലാത്ത ടീസറിലൂടെ സീരീസിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെ വര്‍ധിക്കുകയാണ്.

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ എന്ന സീരീസില്‍ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. സഞ്ജു ശിവരാമന്‍, ജോയ് മാത്യു, രാധിക രാധാകൃഷ്ണന്‍, അശ്വിന്‍ കുമാര്‍, ഇര്‍ഷാദ് അലി, ഷാജു ശ്രീധര്‍, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും ഈ സീരീസിന്റെ ഭാഗമാകും.

നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലര്‍ സീരീസ്, നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ – ഫെയ്‌സ് സിദ്ധിഖ് സംഗീത സംവിധാനം – ശങ്കര്‍ ശര്‍മ. വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlight: Rahman’s 1000 Babies Malayalam Web Series Teaser Out