| Friday, 4th August 2023, 5:01 pm

'മമ്മൂക്കയും ഞാനും ദുൽഖറും ഒരുമിച്ച് വന്നാൽ പടത്തിന് ബജറ്റ് കുറച്ച് കൂടുതലായിരിക്കും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മമ്മൂട്ടിയുടെ ചിത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള റോളുകൾ ചെയ്തിട്ടുള്ള നടൻ ആണ് റഹ്‌മാൻ. തന്റെ ആദ്യ ചിത്രം തന്നെ മമ്മൂട്ടിയുടെ കൂടെ ചെയ്യാൻ പറ്റുകയും തുടക്കത്തിൽത്തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്ത നടനാണ് അദ്ദേഹം. മമ്മൂട്ടിയോടോപ്പം ഇനിയൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി സംസാരിക്കുകയായണ് റഹ്‌മാൻ.

മമ്മൂട്ടിയോടൊപ്പം ഇനിയും നല്ലൊരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് റഹ്‌മാൻ പറഞ്ഞു. നല്ല സ്ക്രിപ്റ്റുമായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ ഉറപ്പായും അതിൽ അഭിനയിക്കുമെന്നും മമ്മൂട്ടിക്കും തനിക്കുമൊപ്പം ദുൽഖർ കൂടിയുള്ള ചിത്രം സംഭവിക്കുകയാണെങ്കിൽ അതിന് ബജറ്റ് കൂടുതൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാര എന്ന ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജമാണിക്യത്തിലും ബ്ലാക്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, ഇനിയെപ്പോഴാണ് അത്തരത്തിലൊരു കോംബോ കാണാൻ സാധിക്കുക എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എന്റെയും മമ്മൂക്കയുടെയും ഒരു കോംബോ വാരാൻ ആഗ്രഹമുണ്ട്. ആരെങ്കിലും നല്ലൊരു സ്ക്രിപ്റ്റ് ആയിട്ട് വരട്ടെ. എന്നാൽ തീർച്ചയായും അതിൽ അഭിനയിക്കും. മമ്മൂക്കയും ഞാനും ദുൽഖറും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ചെയ്യാൻ താൽപര്യമുണ്ട്. പക്ഷെ അതിന്റെ ബജറ്റ് വളരെ വലുതായിരിക്കും,’ റഹ്‌മാൻ പറഞ്ഞു.

പരിപാടിയിൽ രണം എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. രണം 2 എന്ന ചിത്രം ഉണ്ടായാൽ താൻ അതിൽ ഉണ്ടാകില്ലെന്നും ചിത്രത്തിൻറെ സീക്വൽ എടുക്കുകയാണെങ്കിൽ താൻ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.

‘രണം 2 എന്ന ചിത്രം സംഭവിക്കും. പക്ഷെ അതിൽ ഞാൻ ഉണ്ടാകില്ല. കാരണം എന്റെ കഥാപാത്രമായ ദാമോദർ ചിത്രത്തിൻറെ ആദ്യ ഭാഗത്തിൽ മരിക്കുന്നുണ്ട്. ചിത്രത്തിൻറെ സീക്വൽ എടുക്കുകയാണെങ്കിൽ ഞാൻ ഉണ്ടാകും. അങ്ങനെയാണെങ്കിൽ തന്നെ ആ സീക്വലിൽ ഞാൻ മാത്രമേ ഉണ്ടാകൂ,’ റഹ്‌മാൻ പറഞ്ഞു.

പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സമാരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽ.എൽ.ബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത് മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Content Highlights: Rahman on Mammootty, Dulquer salman

We use cookies to give you the best possible experience. Learn more