താൻ മമ്മൂട്ടിയെ സ്വന്തം സഹോദരനെപോലെയാണ് കാണുന്നതെന്ന് നടൻ റഹ്‌മാൻ. തന്റെ പതിനാറാം വയസ് മുതൽ അദ്ദേഹത്തെ കാണുന്നതാണെന്നും സിനിമ സെറ്റിൽ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ വഴക്ക് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആദ്യത്തെ ചിത്രം മുതൽ ഇച്ചാക്ക ഉണ്ടായിരുന്നു. പിന്നെ ഒരു നീണ്ട ഇടവേളക്ക് ശേഷം ബ്ലാക്ക് എന്ന ചിത്രത്തിലൂടെ തിരികെ വന്നപ്പോഴും ഇച്ചാക്ക ഉണ്ടായിരുന്നു.
അദ്ദേഹവുമായി എനിക്കുള്ളത് തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു ബന്ധമാണ്. പുള്ളിക്ക് അതുപോലെ എന്നോട് ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാൻ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്താണ് പുള്ളിയെ കാണുന്നത്. അതിനെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. ഒരുപാട് ചിത്രങ്ങളിൽ ഞങ്ങൾ സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ട്.
ഞാൻ എന്റെ പതിനാറാം വയസ്സുമുതൽ കാണുന്നതല്ലേ. എത്രയോ സിനിമകളിൽ ചേട്ടാ, ഇച്ഛയാ, എന്നൊക്കെ കഥാപാത്രത്തിനനുസരിച്ച് വിളിക്കുന്നതല്ലേ. പുള്ളി ഇടക്ക് സെറ്റിൽ എന്നെ ചീത്തയൊക്കെ പറയും, തമാശയും പറയും. ഞങ്ങൾ ഷൂട്ടിങ്ങിന്റെ ഭാഗമായി ബന്ധപ്പെട്ട് ഒരു റൂമിലൊക്കെ താമസിച്ചിട്ടുണ്ട്,’ റഹ്‌മാൻ പറഞ്ഞു.
പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സമാരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.
ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽ.എൽ.ബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
Content Highlights: Rahman on Mammootty