'മമ്മൂക്കയുള്ള പടത്തിൽ ഞാനുണ്ടെങ്കിൽ മിക്കവാറും അനിയനായിട്ടാകും; അദ്ദേഹത്തോടുള്ള കൊഞ്ചലും വികൃതിയും ആളുകൾക്കിഷ്ടമായി'
Entertainment
'മമ്മൂക്കയുള്ള പടത്തിൽ ഞാനുണ്ടെങ്കിൽ മിക്കവാറും അനിയനായിട്ടാകും; അദ്ദേഹത്തോടുള്ള കൊഞ്ചലും വികൃതിയും ആളുകൾക്കിഷ്ടമായി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th August 2023, 7:22 pm

ഒരു കാലത്ത് മമ്മൂട്ടിയുള്ള ചിത്രങ്ങളിൽ താനുണ്ടെങ്കിൽ ഉറപ്പായും അനിയൻ കഥാപാത്രമായിട്ടായിരിക്കുമെന്ന് നടൻ റഹ്‌മാൻ. ഒരു ചിത്രത്തിൽ സഹോദരനായിട്ട് അഭിനയിച്ചാൽ പിന്നീടങ്ങനെ ആയിരിക്കുമെന്നും സിനിമയിൽ മമ്മൂട്ടിയോടുള്ള കൊഞ്ചലും വികൃതിയുമൊക്കെ ആളുകൾക്ക് ചിലപ്പോൾ ഇഷ്ടമായികാണുമെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ആദ്യമായി അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണ്. ഒരു പടം ഹിറ്റായാൽ പിന്നെ വരുന്നതൊക്കെ ആ ഒരു ഫോമിലുള്ള ചിത്രങ്ങൾ ആയിരിക്കും. ഓഡിയൻസിന് അങ്ങനെയൊരു കോമ്പിനേഷൻ ഇഷ്ടമായാൽ പിന്നീടും അത്തരം കോംബോ ഇഷ്ടമാകും എന്ന വിചാരത്തിലാണ്‌ അടുത്ത പടവും ഇറക്കുന്നത്.

എന്റെ പതിനാറാം വയസിലാണ് ഞാൻ ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. പിന്നെ ഞങ്ങൾ ഒരേ പടത്തിൽ ഉണ്ടെങ്കിൽ, ഉറപ്പായും ഞാൻ ആയിരിക്കും അനിയൻ. എന്റെ അന്നത്തെ പ്രായം അനുസരിച്ച് മമ്മൂക്കയെ ഒരു വല്യേട്ടൻ ആയിട്ടാണ് കണ്ടിരുന്നത്. ഞാൻ വളരെ ഇന്നസെന്റ് ആയിരുന്നു, ജീവിതത്തിലും അതേ. ആ ഒരു കൊഞ്ചലും വികൃതിയും ആളുകൾക്കിഷ്ടമായികാണും, പ്രത്യേകിച്ചും വീട്ടമ്മമാർക്ക്. ആ കോമ്പിനേഷൻ ആളുകൾക്കിഷ്ടമായതുകൊണ്ട് അത്തരത്തിൽ ചിത്രങ്ങൾ വരാൻ തുടങ്ങി,’ റഹ്‌മാൻ പറഞ്ഞു.

പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സമാരയാണ് റഹ്‌മാന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽ.എൽ.ബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Content highlights: Rahman on Mammootty