Advertisement
Entertainment
ബില്ല ചെയ്യാൻ ഞാൻ സമ്മതിച്ചിരുന്നില്ല, അതിൽ അജിത്തായിരുന്നു നായകൻ: റഹ്‌മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 27, 03:17 pm
Saturday, 27th May 2023, 8:47 pm

‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന റഹ്‌മാൻ ഇന്ന് മലയാള സിനിമയും കടന്ന് അന്യഭാഷയിലും തിളങ്ങുകയാണ്. തമിഴ് സിനിമ ആരാധകർക്കും അദ്ദേഹം പ്രിയപ്പെട്ടവനാണ്.

തുടരെയുള്ള വില്ലൻ കഥാപാത്രങ്ങൾ സിനിമ ജീവിതത്തിൽ വിടവുകൾ വരുത്തിയെന്ന് പറയുകയാണ്‌ റഹ്‌മാൻ. പിന്നീട് താൻ അത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാതെ ആയെന്നും അതിനുശേഷം അവസരങ്ങൾ കുറഞ്ഞെന്നും ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘സിനിമയിൽ ഒരു ട്രെൻഡ് ഉണ്ട്, ഏതെങ്കിലും ഒരു കഥാപാത്രം ജനശ്രദ്ധ നേടിയാൽ പിന്നീട് വരുന്ന കഥാപാത്രങ്ങൾ എല്ലാം അത്തരത്തിലുള്ളതായിരിക്കും. എനിക്കും അങ്ങനെ സംഭവിച്ചിരുന്നു. പിന്നീട് വന്ന കഥാപാത്രങ്ങളൊക്കെ ഞാൻ എടുക്കാറില്ല.

പക്ഷെ അതിനുശേഷം അവസരങ്ങൾ വരുന്നത് തന്നെ കുറവായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു നല്ല നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാമെന്ന്. അല്ലാതെ വെറുതെ ഹീറോയുടെ ഇടികൊള്ളുന്ന കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് ബില്ല, സിംഗം തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്തത്. പക്ഷെ ബില്ല ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. കാരണം അതിൽ അജിത്തായിരുന്നു ഹീറോ. അജിത്തിനെക്കുറിച്ച് എനിക്ക് നേരത്തെ അറിയില്ലായിരുന്നു. പക്ഷെ വർത്തകളിലൂടെയൊക്കെ ഞാൻ മനസിലാക്കിയത് അയാൾ വളരെ അഹങ്കാരിയാണെന്നായിരുന്നു. കുറെ ആളുകൾ പറഞ്ഞു അത് മാധ്യമങ്ങൾ വെറുതെ പറയുന്നതാണെന്ന്. എന്നെക്കൊണ്ട് അവർ ആ വേഷം ചെയ്യാൻ സമ്മതിപ്പിച്ചു.

പിന്നീടാണ് അജിത്തിന്റെ യഥാർഥ സ്വഭാവം അറിഞ്ഞത്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്,’ റഹ്‌മാൻ പറഞ്ഞു.

‘ചോക്ലേറ്റ് ബോയ്’ എന്ന പരിവേഷം മാറികിട്ടാൻ തനിക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും പക്ഷെ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തത് തന്റെ നിലനിൽപ്പിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ചോക്ലേറ്റ് ബോയ്’ എന്ന പേര് മാറിക്കിട്ടാൻ വില്ലൻ വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ കിട്ടിയിരുന്നില്ല. പക്ഷെ ആ വേഷങ്ങൾ കിട്ടിയപ്പോൾ ചെയ്തത് നിലനിൽപ്പിന് വേണ്ടിയാണ്,’ റഹ്‌മാൻ പറഞ്ഞു.

Content Highlights: Rahman on Ajith