| Sunday, 3rd November 2024, 11:50 am

ആ ബോളിവുഡ് നടനിൽ നിന്നാണ് വില്ലൻ വേഷം ചെയ്യാനുള്ള ധൈര്യം കിട്ടിയത്, അതിന് അവാർഡും കിട്ടി: റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തില്‍ നേടാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ച റഹ്‌മാന്‍ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. രണ്ടാം വരവിലും റഹ്‌മാന്‍ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകപ്രീതി നേടി.

തമിഴിൽ താൻ അഭിനയിച്ച എതിരി എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാൻ. ആദ്യമായി വില്ലൻ വേഷം ചെയ്ത സിനിമയാണ് അതെന്നും ആ ചിത്രത്തിൽ മികച്ച വില്ലനുള്ള അവാർഡ് കിട്ടിയെന്നും റഹ്മാൻ പറയുന്നു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു റഹ്മാൻ.

‘ഒരു ഇടവേളക്ക് ശേഷം ഞാൻ തിരിച്ചു വന്നത് എതിരി എന്നു പറയുന്ന സിനിമയിലൂടെയാണ്. വില്ലൻ ആയിട്ടാണ് ഞാൻ ആ ചിത്രത്തിൽ വന്നത്. ആദ്യമായി ഞാൻ നെഗറ്റീവ് റോൾ ചെയ്ത ചിത്രമാണത്. പണ്ടുമുതലേ ഒരു ആന്റി ഹീറോ വേഷം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചോക്ലേറ്റ് ഹീറോയായി അഭിനയിക്കുന്നത് മടുത്തിരുന്നു. വേറെ വേഷങ്ങൾ ചെയ്യണമെന്ന് കരുതിയപ്പോൾ ആരും അങ്ങനെയൊരു കഥാപാത്രം തന്നിരുന്നില്ല.

അങ്ങനെയാണ് ഞാൻ എതിരിയിൽ എത്തുന്നത്. മാധവൻ ആയിരുന്നു അതിലെ നായകൻ. കെ.എസ്. ശ്രീകുമാറാണ് അതിന്റെ ഡയറക്ടർ. അദ്ദേഹത്തിന്റെ ആദ്യത്തെ പടത്തിലെ ഹീറോ ഞാനായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ആദ്യത്തെ സിനിമയിലൂടെ ആദ്യമായി ഞാൻ വില്ലനുമായി.

അങ്ങനെ സിനിമ ചെയ്തു. പ്രേക്ഷകർ ഒരുപക്ഷേ അത് അംഗീകരിക്കും പക്ഷേ സിനിമ ഇൻഡസ്ട്രി തന്നെ ചിലപ്പോൾ നമ്മളെ ടൈപ്പ്കാസ്റ്റ് ചെയ്യും. അന്ന് ഹിന്ദിയിൽ സഞ്ജയ്‌ ദത്തൊക്കെ എല്ലാ വേഷങ്ങളും ചെയ്യുന്നതാണ് എനിക്ക് ധൈര്യം തന്നത്. അവിടെ അത് സാധാരണമായിരുന്നു. അതുപോലെയാണ് ഞാൻ ഇത് ചെയ്തത്. അതിന് എനിക്ക് ബെസ്റ്റ് വില്ലന്റെ അവാർഡ് ഒക്കെ കിട്ടിയിരുന്നു.

പക്ഷെ ഇൻഡസ്ട്രിയൽ അതൊരു സംസാരമാവും. പിന്നെ അടുത്ത ഒരു സിനിമ വരുമ്പോൾ അതിലും ചിലപ്പോൾ എനിക്ക് വില്ലൻ വേഷമായിരിക്കും കിട്ടുക. നല്ല സിനിമകൾ ചെയ്യാൻ വേണ്ടി വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഞാൻ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളൂ. അജിത്തിന്റെ ബില്ല, സിങ്കം 2. ഇതൊക്കെ കണ്ടിട്ട് പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. പക്ഷേ അവർ ഒരിക്കലും ഇനി വില്ലൻ വേഷം മാത്രം ചെയ്താൽ  മതിയെന്ന് പറയുന്നില്ല,’റഹ്‌മാന്‍ പറയുന്നു.

Content Highlight: Rahman About Sanjay Dutt

We use cookies to give you the best possible experience. Learn more