| Sunday, 8th December 2024, 7:08 pm

മമ്മൂക്കയെ ചീത്ത വിളിക്കുന്ന ആ സീൻ എല്ലാവർക്കും ഓക്കെയായി, ആ വർഷം സംസ്ഥാന അവാർഡും എനിക്ക് കിട്ടി: റഹ്‌മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തില്‍ നേടാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ച റഹ്‌മാന്‍ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. രണ്ടാം വരവിലും റഹ്‌മാന്‍ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകപ്രീതി നേടി. ആദ്യ ചിത്രമായ കൂടെവിടെ എന്ന സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

അന്ന് സിനിമയെ കുറിച്ച് വലിയ ഐഡിയ ഇല്ലായിരുന്നുവെന്നും താനൊരു അന്യഗ്രഹ ജീവിയെ പോലെയായിരുന്നുവെന്നും റഹ്‌മാൻ പറയുന്നു. മമ്മൂട്ടിയെ ചീത്ത വിളിക്കുന്ന ഒരു സീനാണ് അന്ന് സ്ക്രീൻ ടെസ്റ്റ് നടത്തിയതെന്നും ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് തനിക്ക് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂക്കയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെല്ലാം അന്നെന്നോട് പത്മരാജൻ സാറാണ് പറഞ്ഞത്. പക്ഷെ മെയിൻ റോൾ എന്താണെന്നൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. എനിക്ക് സിനിമയെ കുറിച്ച് ഒരു അറിവുമില്ലായിരുന്നു. ഞാൻ പൂർണമായിട്ടും ഒരു അന്യഗ്രഹ ജീവിയെ പോലെയായിരുന്നു.

ഒരു ഫിലിം ഇൻഡസ്ട്രി, പ്രത്യേകിച്ച് മലയാളം സിനിമ, എനിക്ക് മലയാള സിനിമയിൽ അന്നാരെയും അറിയില്ലായിരുന്നു. പത്മരാജൻ സാർ ആരാണെന്നൊന്നും എനിക്കന്ന് ഐഡിയ ഇല്ലായിരുന്നു. മമ്മൂക്കയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എനിക്ക് നന്നായി അറിയില്ലായിരുന്നു. അതെന്റെ ആദ്യത്തെ സിനിമയായിരുന്നു.

എനിക്ക് ആ സിനിമയിലെ മെയിൻ വേഷങ്ങളിൽ ഒന്നാണ് തന്നത്. എന്റെ ഫസ്റ്റ് സ്ക്രീൻ ടെസ്റ്റിൽ മമ്മൂക്കയെ ചീത്ത വിളിക്കുന്ന ഒരു സീനാണ് ചെയ്യാൻ ഉണ്ടായിരുന്നത്. പിന്നെ അവിടെ നിന്ന് ക്ലൈമാക്സിലേക്ക് ഒരു ചേസാണ്. ആദ്യത്തെ ഷോട്ടിൽ എന്റെ പെർഫോമൻസ് കണ്ടപ്പോൾ എല്ലാവര്ക്കും ഓക്കെയായി. അങ്ങനെയാണ് തുടങ്ങുന്നത്. മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ആ വർഷം എനിക്ക് ലഭിച്ചു,’റഹ്‌മാന്‍ പറയുന്നു.

Content Highlight: Rahman About Mammooty And Koodevide Movie

Video Stories

We use cookies to give you the best possible experience. Learn more