Entertainment
അച്ചായൻ, ചേട്ടൻ, ഇക്കായെന്നൊക്കെ ഞാൻ വിളിച്ചിട്ടുള്ള സൂപ്പർ സ്റ്റാർ അദ്ദേഹമാണ്: റഹ്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 15, 07:00 am
Tuesday, 15th October 2024, 12:30 pm

പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്മാൻ. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടാൻ റഹ്മാന് കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച റഹ്മാൻ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാം വരവിലും മികച്ച വേഷങ്ങളുടെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിച്ചു.

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ജോഡിയാണ് മമ്മൂട്ടി – റഹ്മാന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. റഹ്മാന്റെ ആദ്യ സിനിമയായ കൂടെവിടെയിലും മമ്മൂട്ടി ഉണ്ടായിരുന്നു. ബ്ലാക്ക്, രാജമാണിക്യം തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ ഇറങ്ങിയിരുന്നു.

 

മമ്മൂട്ടി തനിക്ക് സഹോദരനെ പോലെയാണെന്നും ചേട്ടനെ കുറിച്ച് ചോദിക്കുമ്പോൾ തന്റെ മനസിൽ വരുന്ന മുഖം അദ്ദേഹത്തിന്റെതാണെന്നും നല്ല കഥകൾ വന്നാൽ ഇനിയും താൻ മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യുമെന്നും റഹ്മാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ചേട്ടനെ പോലെയാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. വെറുതെ പറയുകയല്ല. അദ്ദേഹത്തിന്റെ പ്രായം കൊണ്ടുമല്ല പറയുന്നത്. എന്റെ ആദ്യ സിനിമ തൊട്ട് തന്നെ ഒരുപാട് സിനിമകളിൽ ഞങ്ങൾ സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ട്.

പല സിനിനകളിലും ഞാൻ അദ്ദേഹത്തെ അച്ചായായെന്ന് വിളിച്ചിട്ടുണ്ട് ചേട്ടായെന്ന് വിളിച്ചിട്ടുണ്ട് ഇക്കായെന്ന് വിളിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വളർന്നത്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് വിളിച്ച് എന്റെയുള്ളിൽ അദ്ദേഹം ശരിക്കുമൊരു സഹോദരനെ പോലെയായി. ആരെങ്കിലും ചോദിച്ചാലും എന്റെ മനസിൽ വരുന്ന ചിത്രം അദ്ദേഹത്തിന്റേതാണ്.

എനിക്കും ഇച്ചക്കയ്ക്കും മുമ്പും ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഞാൻ വേണ്ടെന്ന് പറയുകയായിരുന്നു. കാരണം എന്റെ കഥാപാത്രത്തോട് യോജിക്കാത്തത് കൊണ്ട് ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

എല്ലാ സിനിമയും വാരി കയറി ചെയ്യുന്നതല്ല, എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ ഞാൻ തീർച്ചയായും ചെയ്യും,’റഹ്മാൻ പറയുന്നു.

Content Highlight: Rahman About Mammootty And There Films