പല നടന്മാരും റിജക്ട് ചെയ്തിട്ടാണ് ആ വേഷം എന്റെയടുത്തേക്ക് വന്നത്, എനിക്ക് മാത്രമേ അത് വര്‍ക്കാകുമെന്ന് തോന്നിയുള്ളൂ: റഹ്‌മാന്‍
Entertainment
പല നടന്മാരും റിജക്ട് ചെയ്തിട്ടാണ് ആ വേഷം എന്റെയടുത്തേക്ക് വന്നത്, എനിക്ക് മാത്രമേ അത് വര്‍ക്കാകുമെന്ന് തോന്നിയുള്ളൂ: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2024, 9:00 am

പദ്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് റഹ്‌മാന്‍. മലയാളത്തിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്‍ കൂടിയാണ് റഹ്‌മാന്‍. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി. തിരിച്ചുവരവില്‍ ബാച്ചിലര്‍ പാര്‍ട്ടി, ട്രാഫിക്, ധ്രുവങ്ങള്‍ പതിനാറ്, രണം, തുടങ്ങിയ സിനിമകളില്‍ റഹ്‌മാന്റെ പ്രകടനം മികച്ചതായിരുന്നു.

മലയാളസിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച ന്യൂ ജനറേഷന്‍ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ചിത്രത്തില്‍ റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറായാണ് റഹ്‌മാന്‍ ട്രാഫിക്കില്‍ എത്തിയത്. ആ വേഷം ഏറ്റവുമൊടുവിലാണ് തന്റെയടുത്തേക്ക് വന്നതെന്ന് പറയുകയാണ് റഹ്‌മാന്‍. തനിക്ക് മുമ്പ് പല നടന്മാരും ആ കഥ കേള്‍ക്കുകയും വേണ്ടെന്ന് വെക്കുകയും ചെയ്‌തെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് റഹ്‌മാന്‍ പറഞ്ഞു.

ആ സിനിമയുടെ ബാക്ക് ബോണ്‍ തന്റെ കഥാപാത്രമാണെന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസിലായെന്നും അതിലെ ഗ്രേ ഷെയ്ഡ് തനിക്ക് വളരെയധികം ഇഷ്ടമായെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തിനുള്ള ഗ്രേ ഷെയ്ഡ് കാരണമാണ് പലരും വേണ്ടെന്ന് വെച്ചതെന്ന് തനിക്ക് മനസിലായതെന്നും തനിക്ക് ആ ഗ്രേ ഷെയ്ഡ് ഇഷ്ടമായതുകൊണ്ടാണ് ആ സിനിമ ചെയ്തതെന്നും റഹ്‌മാന്‍ പറഞ്ഞു. ഫില്‍മീ ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

‘ട്രാഫിക്കിലെ ആ ക്യാരക്ടര്‍ പലരും റിജക്ട് ചെയ്ത ഒന്നാണ്. ഏറ്റവും ലാസ്റ്റാണ് എന്റെയടുത്തേക്ക് വന്നത്. ആ കഥ കേട്ടപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന ക്യാരക്ടറാണ് സിനിമയുടെ ബാക്ക്‌ബോണ്‍ എന്ന് എനിക്ക് മനസിലായി. അയാളുടെ മകളുടെ കാര്യത്തിന് വേണ്ടിയാണ് ആ സിനിമയിലെ എല്ലാവരും ഒന്നിക്കുന്നത്. കഥയുടെ തുടക്കത്തില്‍ ആ ക്യാരക്ടറിനെ ഒരു നെഗറ്റീവ് ഷെയ്ഡും പിന്നീട് മുന്നോട്ടുപോകുന്തോറും അയാള്‍ മാറുന്നതും കാണിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഗ്രേ ഷെയ്ഡാണ് ആ ക്യാരക്ടറിനുള്ളത്. എനിക്ക് മുമ്പ് കഥ കേട്ട പലരും ആ ഗ്രേ ഷെയ്ഡ് ഉള്ളതുകൊണ്ടാകും വേണ്ടെന്നു വെച്ചത്. എനിക്ക് എന്തോ കഥ കേട്ടപ്പോള്‍ തന്നെ അത് വര്‍ക്കാകുമെന്ന് തോന്നി. ആ സിനിമ പിന്നീട് മലയാളത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഇന്നും പലരും ആ സിനിമയെക്കുറിച്ചും അതിലെ എന്റെ ക്യാരക്ടറിനെക്കുറിച്ചും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Rahman about his character in Traffic movie