മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നിന്നിരുന്ന തൊണ്ണൂറുകളിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി. റഹ്‌മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് 2016ല്‍ റിലീസായ ധ്രുവങ്ങള്‍ പതിനാറ്. നവാഗതനായ കാര്‍ത്തിക് നരേന്‍ തന്റെ 21ാം വയസില്‍ അണിയിച്ചൊരുക്കിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ മികച്ച ത്രില്ലറുകളിലൊന്നാണ്.
ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ ദീപക് എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിച്ചത്. മൂന്ന് മാസത്തോളം ആലോചിച്ചാണ് ആ സിനിമക്ക് താന്‍ യെസ് പറഞ്ഞതെന്നും പുതിയ കുട്ടികളായതുകൊണ്ട് തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നെന്നും റഹ്‌മാന്‍ പറഞ്ഞു. ആ സിനിമയുടെ പ്രിവ്യൂ താന്‍ ഒറ്റക്കിരുന്നാണ് കണ്ടതെന്നും ഫൈനല്‍ ഔട്ട് കണ്ട ശേഷം തന്റെ കണ്ണ് നിറഞ്ഞെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്ര ഗംഭീരമായി ആ സിനിമ വരുമെന്ന് താന്‍ കരുതിയെന്നും ആ സംവിധായകനെ പോയി കെട്ടിപ്പിടിക്കാന്‍ ആദ്യം തോന്നിയെന്നും പിന്നീട് എന്തിനാണ് അത് ചെയ്യേണ്ടതെന്ന് സെല്‍ഫിഷ് ചിന്ത വന്നുവെന്നും റഹ്‌മാന്‍ പറഞ്ഞു. എന്നാല്‍ അതെല്ലാം മാറ്റിവെച്ച് താന്‍ പോയി കെട്ടിപ്പിടിച്ചെന്നും അതിന് മുമ്പ് താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴില്‍ ഞാന്‍ ഒരു സിനിമ ചെയ്തിരുന്നു, ധ്രുവങ്ങള്‍ പതിനാറ് എന്നായിരുന്നു അതിന്റെ പേര്. മൂന്ന് മാസമെടുത്തു ആ പ്രൊജക്ടിനോട് യെസ് പറയാന്‍. കാരണം, അതിന്റെ പിന്നില്‍ മുഴുവന്‍ പുതിയ പിള്ളേരാണ്. കുറച്ച് ഷോര്‍ട് ഫിലിംസ് ചെയ്ത പരിചയം മാത്രമേ അവര്‍ക്കുള്ളൂ. ഒരുപാട് തവണ ഒഴിയാന്‍ ശ്രമിച്ചിട്ടും അവര്‍ പിന്നെയും എന്റെയടുത്തേക്ക് വരികയായിരുന്നു. പിന്നീട് എനിക്ക് വേണ്ടി ആ ക്യാരക്ടറില്‍ ചില മാറ്റങ്ങള്‍ വരുത്തി പടം തീര്‍ത്തു. അതിന്റെ ഫൈനല്‍ ഔട്ട് ആദ്യം കണ്ടയാള്‍ ഞാനാണ്.
സത്യം പറഞ്ഞാല്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. ആ തിയേറ്ററില്‍ ഞാന്‍ ഒറ്റക്കിരുന്നാണ് കണ്ടത്. എനിക്ക് വേണ്ടി മാത്രം അവര്‍ പ്രിവ്യൂ ഒരുക്കിയതായിരുന്നു. എന്ത് ഗംഭീരമായാണ് അവര്‍ ആ സിനിമ ചെയ്തത്. എനിക്ക് കാര്‍ത്തിക്കിനെ പോയി കെട്ടിപ്പിടിക്കാന്‍ തോന്നി. പെട്ടെന്ന് ഞാന്‍ ആലോചിച്ചു, ഇത്രയും സീനിയറായിട്ടുള്ള ഞാന്‍ എന്തിനാ അവനെ പോയി കെട്ടിപ്പിടിക്കുന്നതെന്ന്. ഒരുതരം സെല്‍ഫിഷ് ആറ്റിറ്റിയൂഡായിരുന്നു. പക്ഷേ, അതൊക്കെ മാറ്റിവെച്ച് ഞാനവനെ പോയി കെട്ടിപ്പിടിച്ചു. അതിന് മുമ്പ് ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല,’ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Rahman about Dhuruvangal Pathinaaru and Karthik Naren