പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് റഹ്‌മാന്‍. മലയാളത്തിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്‍ കൂടിയാണ് റഹ്‌മാന്‍. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്ത് തമിഴിലും മലയാളത്തിലും മികച്ച സിനിമകളുടെ ഭാഗമായി. തിരിച്ചുവരവില്‍ ബാച്ചിലര്‍ പാര്‍ട്ടി, ട്രാഫിക്, ധ്രുവങ്ങള്‍ പതിനാറ്, രണം, തുടങ്ങിയ സിനിമകളില്‍ റഹ്‌മാന്റെ പ്രകടനം മികച്ചതായിരുന്നു.
കാർത്തിക് നരേൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ധ്രുവങ്ങൾ പതിനാറ്. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റഹ്മാൻ. ചിത്രത്തിൽ എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നുവെന്നും ക്രൂവിൽ അത്യാവശ്യം എല്ലാവർക്കും അറിയുന്ന ആൾ താനായിരുന്നുവെന്നും റഹ്മാൻ പറയുന്നു.
പടം പ്രമോട്ട് ചെയ്യാൻ അന്ന് മീഡിയ കുറവായിരുന്നുവെന്നും സഹായത്തിനായി തന്റെ എൺപതുകളിലെ സുഹൃത്തുകളെ വിളിച്ചെന്നും അവർ വന്നിട്ടാണ് സിനിമ പ്രൊമോട്ട് ചെയ്തതെന്നും റഹ്മാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധ്രുവങ്ങൾ പതിനാറ് എന്ന സിനിമയിൽ എല്ലാവരും പുതുമുഖങ്ങളായിരുന്നു. അതിന്റെ സംവിധായകന് 22 വയസായിരുന്നു പ്രായം. ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരും 29 വയസിന് താഴെ ഉള്ളവരായിരുന്നു. എല്ലാവരും ചെറുതായിരുന്നു.
ഞാൻ മാത്രമായിരുന്നു സിനിമയിൽ അത്യാവശ്യം അറിയുന്നതും ഒരു ഫെമിലിയർ ഫേസും. അതുകൊണ്ട് തന്നെ അതിന്റേതായ ബുദ്ധിമുട്ടുകൾ സിനിമക്കുണ്ടായിരുന്നു. കാരണം ആരുമില്ല, ഞാൻ മാത്രമേയുള്ളൂ.
പക്ഷെ പടം നന്നായി വന്നു. അതിനെ എങ്ങനെ ഞങ്ങൾ പ്രൊമോട്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു. അന്ന് ഡിജിറ്റൽ മീഡിയകൾ മാത്രമേയുള്ളൂ. സെലിബ്രേറ്റികളായ എന്റെ സുഹൃത്തുക്കളോട് ഞാൻ സംസാരിച്ചു.
അതായത് എൺപതുകളിലെ ആളുകൾ. ഞങ്ങൾക്ക് ഒരു ഗ്രൂപ്പുണ്ട്. സുഹാസിനിയൊക്കെ വന്ന് പടം കണ്ടു. പടം കണ്ട് പുറത്തിറങ്ങിയ അവരുടെ റിയാക്ഷനുകൾ ഞങ്ങൾ വീഡിയോയാക്കി പുറത്തുവിട്ടു. അതായിരുന്നു ആ സിനിമയുടെ പബ്ലിസിറ്റി. ജനങ്ങൾ അത് കണ്ടു. ആ പടം അന്ന് പൊങ്കൽ റിലീസായാണ് തിയേറ്ററിൽ എത്തിയത്,’റഹ്മാൻ പറയുന്നു.
Content Highlight: Rahman About Dhruvangal Pathinar Movie