| Tuesday, 10th September 2024, 1:08 pm

ഞാനും ലാലും മമ്മൂക്കയും ഒന്നിച്ചഭിനയിച്ച ആ പടം സൂപ്പർ ഹിറ്റാണ്, ഇപ്പോൾ അങ്ങനെയുള്ള സിനിമകളില്ല: റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്മാൻ. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തിൽ നേടാൻ റഹ്മാൻ കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാൻ സാധിച്ച റഹ്മാൻ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തിലേക്കുള്ള രണ്ടാം വരവിലും മികച്ച വേഷങ്ങളുടെ ഭാഗമാവാൻ അദ്ദേഹത്തിന് സാധിച്ചു.

മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാൻ. പണ്ട് ഫോണിലൂടെയൊക്കെയാണ് സിനിമയുടെ കഥ കേൾക്കാറുള്ളതെന്നും സ്ക്രിപ്റ്റ് വിശദമായി നോക്കാറില്ലായിരുന്നുവെന്നും റഹ്മാൻ പറയുന്നു.

അന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം താൻ നിരവധി സിനിമകളിൽ അഭിനയിച്ചിരിന്നുവെന്നും എന്നാൽ ഇപ്പോൾ മലയാളത്തിൽ വൺ മാൻ ഷോ ആയിട്ടുള്ള ചിത്രങ്ങൾ മാത്രമാണ് ഇറങ്ങുന്നതെന്നും റഹ്മാൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് മലയാളത്തിൽ കഥ പറഞ്ഞിരുന്നത് ഫോണിൽ വിളിച്ചിട്ടൊക്കെയായിരുന്നു. ഇന്നത്തെ പോലെ ഓരോ സീനും വായിച്ച്, സ്ക്രിപ്റ്റ് മുഴുവൻ നോക്കി എല്ലാം നോക്കിയല്ല അന്ന് സിനിമ ചെയ്തിരുന്നത്. പക്ഷെ അന്ന് അങ്ങനെ അല്ലായിരുന്നു.

പിന്നെ അന്നത്തെ സിനിമകളിൽ വൺ മാൻ ഷോ കളികൾ ഒന്നുമില്ലായിരുന്നു. എല്ലാവരും ഒരേ പോലെയായിരുന്നു. ഞാനും മോഹൻലാലും മമ്മൂട്ടിയുമൊക്കെ എത്രയോ പടങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഞങ്ങൾ കഥാപാത്രം ചെയ്തിട്ടങ്ങ് പോവും.

കണ്ടു കണ്ടറിഞ്ഞു എന്നൊക്കെയുള്ള ഒരു സിനിമയുണ്ട്. അതൊക്കെ വലിയ വിജയമായ സിനിമയാണ്. അതിൽ ഞങ്ങൾ മൂന്ന് പേരും മൂന്ന് കഥാപാത്രമായിരുന്നു. വലിയ വിജയമായ സിനിമയായിരുന്നു അത്. അതിൽ ഇയാൾക്ക് റോൾ കൂടി പോയി, അയാൾക്ക് കുറഞ്ഞു, എനിക്ക് ഫൈറ്റില്ല എന്നൊന്നുമില്ല.

അന്നത്തെ സിനിമകൾ അങ്ങനെയായിരുന്നു. കഥകൾ അങ്ങനെയായിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ഇപ്പോൾ വൺ മാൻ ഷോയാണ് അധികവും വരുന്നത്,’റഹ്മാൻ പറയുന്നു.

Content Highlight:  Rahman About changes in Malayalam cinema

Latest Stories

We use cookies to give you the best possible experience. Learn more