| Friday, 18th August 2023, 10:15 pm

നടക്കാന്‍ പോലും മടിയുള്ളവനെ ടീമിലെടുത്തപ്പോള്‍ ആലോചിക്കണമായിരുന്നു റോയല്‍സേ... ആദ്യ പന്തില്‍ തന്നെ നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ സൂപ്പര്‍ ലീഗില്‍ നാണംകെട്ട് സൂപ്പര്‍ താരം റക്കീം കോണ്‍വാള്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ തന്റെ അലസത കാരണം വിക്കറ്റ് വലിച്ചെറിഞ്ഞാണ് താരം വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2023 എഡിഷനിലെ രണ്ടാം മത്സരത്തിലാണ് സംഭവം നടന്നത്. സെന്റ് ലൂസിയ കിങ്‌സും ബാര്‍ബഡോസ് റോയല്‍സും തമ്മില്‍ നടന്ന മത്സരത്തിലാണ് റോയല്‍ ഓപ്പണര്‍ റക്കീം കോണ്‍വാളിനെ തന്റെ മടി ചതിച്ചത്.

മാത്യു ഫോര്‍ഡ് എറിഞ്ഞ ആദ്യ പന്തില്‍ ഷോട്ട് കളിച്ച കോണ്‍വാള്‍ സിംഗിളിനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒരു ആത്മാര്‍ത്ഥതയുമില്ലാത്ത ആ ശ്രമം വിഫലമാവുകയായിരുന്നു.

30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്ത ക്രിസ് സോളിന് ആദ്യ ചാന്‍സില്‍ പന്ത് കൈക്കലാക്കാന്‍ സാധിച്ചില്ലെങ്കിലും ഉടന്‍ തന്നെ പന്ത് വീണ്ടെടുത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുകയായിരുന്നു.

30 യാര്‍ഡ് സര്‍ക്കിളിന് തൊട്ട് പുറത്ത് നിന്നും ഫീല്‍ഡര്‍ പന്ത് കളക്ട് ചെയ്‌തെന്നോ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ത്രോ ചെയ്‌തെന്നോ ഉള്ള ഒരു വേവലാതിയും ഇല്ലാതിരുന്ന താരം ‘ആടിപ്പാടിയാണ്’ ഓടിയത്.

കോണ്‍വാള്‍ അലസമായി ഓടിയത് കണ്ട സോള്‍ അവസരം മുതലാക്കുകയും ഡയറക്ട് ഹിറ്റിലൂടെ താരത്തെ പറഞ്ഞയക്കുകയുമായിരുന്നു.

അതേസമയം, സീസണിലെ ആദ്യ മത്സരം തോറ്റുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗണ്ടര്‍പാര്‍ട്ട് സി.പി.എല്‍ ക്യാംപെയ്ന്‍ ആരംഭിച്ചത്. 54 റണ്‍സിന്റെ തോല്‍വിയാണ് റോയല്‍സ് ഏറ്റുവാങ്ങിയത്.

ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത കിങ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറിയോളമെത്തിയ സീന്‍ വില്യംസിന്റെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെയും ഇന്നിങ്‌സാണ് കിങ്‌സിന് തുണയായത്.

സീന്‍ വില്യംസ് 30 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ ഫാഫ് 32 പന്തില്‍ 46 റണ്‍സും നേടി.

റോയല്‍സിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖായിസ് അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് തുടക്കത്തിലേ പിഴച്ചു കോണ്‍വാളിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായ റോയല്‍സിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനെയും ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടു.

ഏഴ് താരങ്ങള്‍ കിങ്‌സ് നിരയില്‍ പന്തെറിഞ്ഞപ്പോള്‍ ഏഴ് പേരും വിക്കറ്റ് നേടി എന്ന പ്രത്യേകയും മത്സരത്തിനുണ്ടായിരുന്നു. മാത്യു ഫോര്‍ഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് സോള്‍, അല്‍സാരി ജോസഫ്, സിക്കന്ദര്‍ റാസ, ഖാരി പെയറി, റോസ്റ്റണ്‍ ചെയ്‌സ്, സെഡ്രാക് ഡെകാര്‍ട്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓഗസ്റ്റ് 20നാണ് റോയല്‍സിന്റെ അടുത്ത മത്സരം. ജമൈക്ക താലവാസാണ് എതിരാളികള്‍.

Content Highlight: Rahkeem Cornwall’s runout goes viral

We use cookies to give you the best possible experience. Learn more