കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അഞ്ചാം ജയം സ്വന്തമാക്കി ബാര്‍ബഡോസ് റോയല്‍സ്. ബുധനാഴ്ച പുലര്‍ച്ചെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് റോയല്‍സ് ജയം സ്വന്തമാക്കിയത്. പേട്രിയേറ്റ്‌സ് ഉയര്‍ത്തിയ 111 റണ്‍സിന്റെ വിജയലക്ഷ്യം 52 പന്ത് ബാക്കി നില്‍ക്കെ റോയല്‍സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പേട്രിയേറ്റ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ പിന്നാലെയെത്തിയവര്‍ക്കായില്ല. റകീം കോണ്‍വാള്‍ എന്ന ഓഫ് സ്പിന്നര്‍ പേട്രിയറ്റ്‌സ് ബാറ്റര്‍മാരെ എണ്ണിയെണ്ണി മടക്കിയപ്പോള്‍ ആരാധകരും ആവേശത്തിലായി.
നാല് ഓവര്‍ പന്തെറിഞ്ഞ കോണ്‍വാള്‍ വിട്ടുകൊടുത്തത് വെറും 16 റണ്‍സാണ്. ക്യാപ്റ്റന്‍ ആന്ദ്രേ ഫ്‌ളച്ചര്‍ അടക്കം അഞ്ച് താരങ്ങളെ തിരികെ പവലിയനിലേക്ക് മടക്കിയയക്കുകയും ചെയ്തു.
ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.
തന്റെ ശരീര ഭാരത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് കോണ്‍വാള്‍. ഒരു ക്രിക്കറ്റര്‍ക്കോ സ്‌പോര്‍ട്‌സ് താരത്തിനോ ഒരിക്കലും യോജിച്ച ശരീര പ്രകൃതമല്ല താരത്തിനുള്ളത് എന്നതാണ് ആരാധകരും വിമര്‍ശകരും ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. എങ്കിലും ഈ ശരീരം വെച്ചുതന്നെ താരം കളിക്കളത്തില്‍ നിറസാന്നിധ്യമായി.
വെസ്റ്റ് ഇന്‍ഡീസിനായി ടെസ്റ്റ് ഫോര്‍മാറ്റിലും താരം കളിച്ചിട്ടുണ്ട്. 10 മത്സരത്തിലും നിന്നും 261 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ ദേശീയ ടീമിലും സ്ഥിരസാന്നിധ്യമാകാന്‍ കോണ്‍വാളിനായില്ല.
അറ്റ്‌ലാന്റ ഓപ്പണ്‍ ടി-20 ലീഗില്‍ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് കോണ്‍വാളിന്റെ പേര് വിന്‍ഡീസിന് പുറത്തേക്കും കാര്യമായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അറ്റ്‌ലാന്റ ഫയര്‍ – സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തില്‍ 77 പന്തില്‍ നിന്നും പുറത്താകാതെ 205 റണ്‍സാണ് താരം നേടിയത്.
22 സിക്‌സറും 17 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതായത് ആകെ നേടിയ 205ല്‍ 200 റണ്‍സും താരം അടിച്ചെടുക്കുകയായിരുന്നു.
അതേസമയം, പേട്രിയറ്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ കോണ്‍വാളിന് പുറമെ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും ഒബെഡ് മക്കോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.