മോണ്‍സന് മാപ്പ്; ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ കേസ്; സുധാകരന്റേത് തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥ: റഹീം
Kerala News
മോണ്‍സന് മാപ്പ്; ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ കേസ്; സുധാകരന്റേത് തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥ: റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 1:27 pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സനെതിരെ അപകീര്‍ത്തിക്കേസ് നല്‍കാതെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കേസ് കൊടുത്തിരിക്കുകയാണെന്ന പരിഹാസവുമായി എ.എ.റഹീം എം.പി. സുധാകരനേക്കാള്‍ ഉയരത്തിലാണ് ഗോവിന്ദന്‍ നില്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരന്‍ നഗ്നനായി നില്‍ക്കുന്നൊരാളാണെന്നും തൊണ്ടി സഹിതം പിടിപ്പക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് അദ്ദേഹത്തിനെന്നും റഹീം പറഞ്ഞു.

‘സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നില്‍ക്കുന്ന ഉയരവും, സ്ഥാനവും എത്രയാണ്. മോണ്‍സന്റെ പ്രിയപ്പെട്ട സുഹൃത്തായ സുധാകരന്‍ നില്‍ക്കുന്നതെവിടെ. അളക്കാനാകില്ല. മോണ്‍സന്റെ സുഹൃത്തായ സുധാകരന്‍ ഗോവിന്ദന്‍ മാസ്റ്ററെ എന്ത് നിയമനടപടിക്ക് വിധേയമാക്കാനാണ് പോകുന്നത്.

വളരെ രസകരവും കൗതുകപരവുമായ കാര്യങ്ങളാണിതെല്ലാം. മോണ്‍സനെതിരെ സുഹൃത്തായ സുധാകരന് അപകീര്‍ത്തി കേസ് കൊടുക്കാന്‍ താല്‍പര്യമില്ല. മോണ്‍സന് മാപ്പ്, ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ കേസ്. ജനം ഇതെല്ലാം കാണുന്നുണ്ട്.

സഖാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കെ.സുധാകരന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ്. അദ്ദേഹത്തിന്റെ നിലവാരവും രാഷ്ട്രീയ ഔന്നിത്യവും കൊണ്ട് തെളിഞ്ഞു നില്‍ക്കുന്നയാളാണ്. സുധാകരന്‍ അങ്ങേയറ്റം നഗ്നനായി നില്‍ക്കുന്നയാളുമാണ്. തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെ. സുധാകരന്,’ അദ്ദേഹം പറഞ്ഞു.

എം.വി. ഗോവിന്ദനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. അതിലായിരുന്നു എ.എ റഹീമിന്റെ പ്രതികരണം. മോണ്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാമര്‍ശത്തിനെതിരേയാണ് കേസ് കൊടുക്കാന്‍ ഒരുങ്ങുന്നത്.

തിങ്കളാഴ്ച തന്നെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് കെ. സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം മോണ്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസില്‍ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

content highlights: rahim about k sudakaran