| Monday, 12th January 2015, 11:29 pm

ആരുഷി തല്‍വാറിന്റെ കഥ പറയുന്ന 'രഹസ്യ' തിയറ്ററുകളില്‍ എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആരുഷി തല്‍വാര്‍ വധത്തെ ആധാരമാക്കി മനീഷ ഗുപ്ത സംവിധാനം ചെയ്ത “രഹസ്യ” ജനുവരി 30 ന് തിയറ്ററുകളില്‍ എത്തും. സാക്ഷി സെം ആണ് സിനിമയില്‍ ആരുഷിയുടെ വേഷം ചെയ്യുന്നത്. ഇത് കൂടാതെ ആരുഷിയുടെ മാതാപിതാക്കളായി എത്തുന്നത് ആശിഷ് വിദ്യാര്‍ത്ഥിയും ടിസ്‌ക ചോപ്രയുമാണ്. ഇവര്‍ക്ക് പുറമെ കെ.കെ മേനോന്‍, മിത്ര വശിഷ്ട്, അശ്വനി കല്‍സേക്കര്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. യു.വി.ഐ ഫിലിം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആരുഷി കേസില്‍ സംഭവിച്ചത് എന്താണോ അത് തന്നെയാണ് ചിത്രത്തിലും ഒരുക്കിയിരിക്കുന്നത്. മകളുടെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന മാതാപിതാക്കളുടെ വേഷമാണ് ആശിഷ് വിദ്യാര്‍ത്ഥിക്കും ടിസ്‌ക ചോപ്രക്കും. അതേ സമയം “രഹസ്യ”  കൈകാര്യം ചെയ്യുന്നത് ആരുഷിയുടെ കഥയല്ലെന്നാണ് സംവിധായിക മനീഷ ഗുപ്ത പറയുന്നത്. നേരത്തെ നിരവധി വിവാദങ്ങളായിരുന്നു ചിത്രത്തെ ചുറ്റിത്തിരിഞ്ഞിരുന്നത്.

കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന ആരുഷിയുടെ മാതാപിതാക്കള്‍ ചിത്രത്തിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഇവരുടെ ആവശ്യപ്രകാരം ചിത്രം റിലീസ് ചെയ്യുന്നത് ബോംബെ ഹൈക്കോടതി നീട്ടിവെച്ചിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു ഇവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നത്.

2008 മെയ് മാസത്തിലായിരുന്നു രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരുഷി തല്‍വാറിനെയും ഇവരുടെ വീട്ടു ജോലിക്കാരനായ ഹേം രാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more