മാപ്പ് പറയേണ്ടതായ വാര്‍ത്തയൊന്നും സോളാറില്‍ കൊടുത്തിട്ടില്ല, ആളാകാന്‍ ചിലത് വിളിച്ചുകൂവുന്നു; മാധവന്‍കുട്ടിക്കെതിരെ രഘു മാട്ടുമ്മല്
Kerala News
മാപ്പ് പറയേണ്ടതായ വാര്‍ത്തയൊന്നും സോളാറില്‍ കൊടുത്തിട്ടില്ല, ആളാകാന്‍ ചിലത് വിളിച്ചുകൂവുന്നു; മാധവന്‍കുട്ടിക്കെതിരെ രഘു മാട്ടുമ്മല്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th July 2023, 10:47 am

തിരുവനന്തപുരം: സോളാര്‍ അഴിമതി വിഷയത്തില്‍ ദേശാഭിമാനി കൊടുത്ത ഒരു വാര്‍ത്തയിലും ഖേദം പ്രകടിപ്പിക്കേണ്ടതായിട്ടൊന്നുമില്ലെന്ന് ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകന്‍ രഘു മറ്റുമ്മല്‍. ദേശാഭിമാനി, ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ സ്വന്തം നിലയില്‍ വാര്‍ത്തയാക്കിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സോളാര്‍ വിഷയം ആദ്യം മുതല്‍ ദേശാഭിമാനിയില്‍ പ്രധാനമായും കൈകാര്യം ചെയ്ത റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് താനിത് തറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘സരിത’ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തിന് ദേശാഭിമാനിയില്‍ ജോലി ചെയ്യവെ അധാര്‍മിക പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നുവെന്ന് പറഞ്ഞ് മുന്‍ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍ കുട്ടി രംഗത്ത് വന്നിരുന്നു. അതിനെതിരെയാണ് രഘു ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.

‘ ഉമ്മന്‍ചാണ്ടിക്കെതിരെ ദേശാഭിമാനി വാര്‍ത്ത കൊടുത്തതില്‍ മാപ്പ് പറയാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായി അറിയില്ല. ഏതായാലും സോളാര്‍ അഴിമതി വിഷയത്തില്‍ ദേശാഭിമാനി അക്കാലത്ത് കൊടുത്ത ഒരു വാര്‍ത്തയിലും ഖേദം പ്രകടിപ്പിക്കേണ്ട ഒന്നുമില്ല.

കാരണം അത്രത്തോളം മിതത്വം പാലിച്ചാണ് അന്ന് ഓരോ വാര്‍ത്തയും ഞങ്ങള്‍ കൊടുത്തത്. സോളാര്‍ വിഷയം ആദ്യം മുതല്‍ ദേശാഭിമാനിയില്‍ പ്രധാനമായും കൈകാര്യം ചെയ്ത റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് ഇത് തറപ്പിച്ച് പറയുന്നത്.
ദേശാഭിമാനി ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ സ്വന്തം നിലയില്‍ വാര്‍ത്തയാക്കിയിട്ടില്ല.

മറിച്ച്, സരിത നല്ല സംരംഭകയാണെന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിച്ച് വെട്ടിലായി എന്ന ആരോപണം ആദ്യം ഉന്നയിച്ചത് പത്തനംതിട്ട ജില്ലയിലെ മല്ലേലില്‍ ക്രഷറര്‍ ഉടമയും കോണ്‍ഗ്രസ് നേതാവുമായ മല്ലേലില്‍ ശ്രീധരന്‍നായരും മറ്റ് വഞ്ചിക്കപ്പെട്ടവരുമാണ്. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അതിലും ഇവര്‍ തമ്മില്‍ അരുതാത്തത് എന്തെങ്കിലുമുണ്ടായി എന്നും എഴുതിയിട്ടില്ല. അഴിമതി മാത്രമാണ് ചൂണ്ടിക്കാട്ടിയത്.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു പരമ്പരയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. അതിലും മോശമായി ഒന്നും പരാമര്‍ശിച്ചിട്ടില്ല. മല്ലേലില്‍ ശ്രീധരന്‍ നായര്‍ ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം പത്തനംതിട്ട കോടതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രഹസ്യമൊഴിയും നല്‍കിയിരുന്നു.

അത്തരം അഴിമതി വാര്‍ത്തകള്‍ മാത്രമാണ് ദേശാഭിമാനി കൈകാര്യം ചെയ്തത്.
ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ അര്‍ധരാത്രിയില്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത് ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്ന് പരിഹസിച്ചത് കെ. മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മന്‍ ചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതികരിച്ചിരുന്നില്ല.

ഇതെല്ലാം കഴിഞ്ഞാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിഗത ആരോപണം സരിത ഉന്നയിച്ചത്. അതും സോളാര്‍ കമ്മീഷന്‍ മുമ്പാകെയാണ്. അപ്പോഴും ദേശാഭിമാനി അപകീര്‍ത്തികരമായി വാര്‍ത്ത നല്‍കിയില്ല. മറ്റ് പത്രങ്ങളെക്കാള്‍ മിതത്വം പാലിച്ചിരുന്നു. ഈ മാപ്പ് പറയുന്ന വിദ്വാന്‍ ദേശാഭിമാനിയില്‍ ഉണ്ടായതായി അവകാശപ്പെടുന്ന കാലഘട്ടം മുഴുക്കെ തിരുവനന്തപുരം ബ്യൂറോയില്‍ ഞാനുണ്ടായിരുന്നു.

ഒരു ആലങ്കാരിക പദവിയില്‍ ഇരുന്നു എന്നതൊഴിച്ച് ഒരു വിഷയത്തിലും ടിയാന്‍ ഇടപെട്ടിട്ടുമില്ല, അഥവാ ഇടപെടാന്‍ അവസരമുണ്ടാക്കിയിട്ടുമില്ല എന്നതാണ് അതിലെ വസ്തുത. എന്നിട്ടിപ്പോള്‍ ആളാകാന്‍ ഓരോന്ന് വിളിച്ച് കൂവുന്നതും ബലരാമന്‍മാര്‍ അത് ഏറ്റുപിടിക്കുന്നതും ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ആ വിഷയം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി അദ്ദേഹത്തെ അപമാനിക്കാനാണ്,’ രഘു പറഞ്ഞു.

രാഷ്ട്രീയമായും ഭരണപരമായും ഉമ്മന്‍ ചാണ്ടിയെ ദേശാഭിമാനി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ വ്യക്തിപരമായോ കുടുംബപരമായോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ ഒരു മുന്‍ ബന്ധു വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ എത്തിയപ്പോള്‍ ആട്ടിയോടിച്ചതില്‍ മുന്നില്‍ നിന്നത് ദേശാഭിമാനി പ്രവര്‍ത്തകരാണെന്നും രഘു കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് രാവിലെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹവുമായി വിയോജിപ്പുള്ള വിഷയങ്ങളില്‍ ശക്തമായി അക്രമാത്മക വാര്‍ത്തകള്‍ എഴുതിയതും വാര്‍ത്താ സമ്മേളനങ്ങളിലെ എറ്റുമുട്ടലുകളും ഓര്‍ത്തതോടൊപ്പം വ്യക്തിപരമായ അടുപ്പവും അതില്‍ പരാമര്‍ശിച്ചിരുന്നു.

അപ്പോഴാണ് ദേശാഭിമാനിയില്‍ മുമ്പ് കണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്നയാള്‍ സരിതയും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വാര്‍ത്ത കൊടുത്തതിന് മാപ്പ് ചോദിച്ചെന്നും പറഞ്ഞ് ഒരു പോസ്റ്റിട്ടിട്ടുണ്ടെന്നും മറ്റുമായി ബലരാമന്‍മാര്‍ ഇറങ്ങിയിരിക്കുന്നതായി കണ്ടത്.

ഉമ്മന്‍ചാണ്ടിക്കെതിരെ ദേശാഭിമാനി വാര്‍ത്ത കൊടുത്തതില്‍ മാപ്പ് പറയാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായി അറിയില്ല. ഏതായാലും സോളാര്‍ അഴിമതി വിഷയത്തില്‍ ദേശാഭിമാനി അക്കാലത്ത് കൊടുത്ത ഒരു വാര്‍ത്തയിലും ഖേദം പ്രകടിപ്പിക്കേണ്ട ഒന്നുമില്ല.

കാരണം അത്രത്തോളം മിതത്വം പാലിച്ചാണ് അന്ന് ഓരോ വാര്‍ത്തയും ഞങ്ങള്‍ കൊടുത്തത്. സോളാര്‍ വിഷയം ആദ്യം മുതല്‍ ദേശാഭിമാനിയില്‍ പ്രധാനമായും കൈകാര്യം ചെയ്ത റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് ഇത് തറപ്പിച്ച് പറയുന്നത്.
ദേശാഭിമാനി ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിക്കെതിരെ സരിത ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ സ്വന്തം നിലയില്‍ വാര്‍ത്തയാക്കിയിട്ടില്ല.

മറിച്ച്, സരിത നല്ല സംരംഭകയാണെന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിച്ച് വെട്ടിലായി എന്ന ആരോപണം ആദ്യം ഉന്നയിച്ചത് പത്തനംതിട്ട ജില്ലയിലെ മല്ലേലില്‍ ക്രഷറര്‍ ഉടമയും കോണ്‍ഗ്രസ് നേതാവുമായ മല്ലേലില്‍ ശ്രീധരന്‍നായരും മറ്റ് വഞ്ചിക്കപ്പെട്ടവരുമാണ്. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അതിലും ഇവര്‍ തമ്മില്‍ അരുതാത്തത് എന്തെങ്കിലുമുണ്ടായി എന്നും എഴുതിയിട്ടില്ല. അഴിമതി മാത്രമാണ് ചൂണ്ടിക്കാട്ടിയത്.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു പരമ്പരയും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. അതിലും മോശമായി ഒന്നും പരാമര്‍ശിച്ചിട്ടില്ല. മല്ലേലില്‍ ശ്രീധരന്‍ നായര്‍ ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം പത്തനംതിട്ട കോടതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രഹസ്യമൊഴിയും നല്‍കിയിരുന്നു.

അത്തരം അഴിമതി വാര്‍ത്തകള്‍ മാത്രമാണ് ദേശാഭിമാനി കൈകാര്യം ചെയ്തത്.
ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ അര്‍ധരാത്രിയില്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത് ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്ന് പരിഹസിച്ചത് കെ. മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മന്‍ ചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതികരിച്ചിരുന്നില്ല.

42 പേജുള്ള അവരുടെ രഹസ്യമൊഴി മൂന്നര പേജായതും തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനുമെല്ലാം സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുമെല്ലാം ഓര്‍ക്കുമല്ലൊ?

ഇതെല്ലാം കഴിഞ്ഞാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിഗത ആരോപണം സരിത ഉന്നയിച്ചത്. അതും സോളാര്‍ കമ്മീഷന്‍ മുമ്പാകെയാണ്. അപ്പോഴും ദേശാഭിമാനി അപകീര്‍ത്തികരമായി വാര്‍ത്ത നല്‍കിയില്ല. മറ്റ് പത്രങ്ങളെക്കാള്‍ മിതത്വം പാലിച്ചിരുന്നു. ഈ മാപ്പ് പറയുന്ന വിദ്വാന്‍ ദേശാഭിമാനിയില്‍ ഉണ്ടായതായി അവകാശപ്പെടുന്ന കാലഘട്ടം മുഴുക്കെ തിരുവനന്തപുരം ബ്യൂറോയില്‍ ഞാനുണ്ടായിരുന്നു.

ഒരു ആലങ്കാരിക പദവിയില്‍ ഇരുന്നു എന്നതൊഴിച്ച് ഒരു വിഷയത്തിലും ടിയാന്‍ ഇടപെട്ടിട്ടുമില്ല, അഥവാ ഇടപെടാന്‍ അവസരമുണ്ടാക്കിയിട്ടുമില്ല എന്നതാണ് അതിലെ വസ്തുത. എന്നിട്ടിപ്പോള്‍ ആളാകാന്‍ ഓരോന്ന് വിളിച്ച് കൂവുന്നതും ബലരാമന്‍മാര്‍ അത് ഏറ്റുപിടിക്കുന്നതും ഉമ്മന്‍ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച് ആ വിഷയം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി അദ്ദേഹത്തെ അപമാനിക്കാനാണ്.

ഒരിക്കല്‍ കൂടി പറയട്ടെ, രാഷ്ട്രീയമായും ഭരണപരമായും ഉമ്മന്‍ ചാണ്ടിയെ ദേശാഭിമാനി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ, ഒരിക്കലും വ്യക്തിപരമായോ കുടുംബപരമായോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ ഒരു മുന്‍ ബന്ധു വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ എത്തിയപ്പോള്‍ ആട്ടിയോടിച്ചതില്‍ മുന്നില്‍ നിന്നത് ദേശാഭിമാനി പ്രവര്‍ത്തകരാണ്.

അതുകൊണ്ട് ദേശാഭിമാനിയെ സദാചാര ബോധം പഠിപ്പിക്കാന്‍ ഇറങ്ങുന്ന ബലരാമന്‍മാര്‍ കണ്ണാടി നോക്കണം. ഒരു ജനനേതാവിന്റെ മൃതശരീരം അടക്കം ചെയ്യും മുമ്പ് വിവാദം സൃഷ്ടിച്ചാല്‍ മറുപടി പറയാതിരുന്നാല്‍ അത് കുറ്റം സമ്മതിക്കലാകുമല്ലോ. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്. അതില്‍ തീര്‍ച്ചയായും അതിയായ വിഷമവുമുണ്ട്.

കാരണം ആ രാഷ്ട്രീയ നേതാവിനോട് ചില കാര്യങ്ങളിലെങ്കിലും ആദരവും ബഹുമാനവുമുള്ള ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍. ആ വേര്‍പാടില്‍ ആത്മാര്‍ഥമായും ദു.ഖിക്കുന്ന ഒരു പ്രജയുമാണ്. (എഡിറ്റഡ് -പ്രജ എന്നത് പൗരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണ്. അത് രാജാധിപത്യവുമായി ബന്ധമുള്ള പ്രയോഗമാണെന്ന് പ്രിയ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയത് ഉള്‍ക്കൊള്ളുന്നു. ആയതിനാല്‍ പ്രജ എന്ന് ഞാന്‍ ഉദ്ദേശിച്ചത് പൗരന്‍ എന്ന അര്‍ഥത്തിലാന്നെന്ന് ദയവായി തിരുത്തി വായിച്ചാലും) സോളാര്‍ അഴിമതിയെ കുറിച്ച് നമുക്ക് വേറെ തര്‍ക്കിക്കാം. ഒരുപാട് ഒരുപാട് പറയാനുമുണ്ട്. അത് തീര്‍ത്തും രാഷ്ട്രീയമാണ്. അഴിമതി നിറഞ്ഞതുമാണ്.

ഒരിക്കല്‍ കൂടി പ്രിയ നേതാവിന് ആദരാഞ്ജലി. ഇത്രയും എഴുതേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

content highlights: ragu mattummal agiants madhavankutty