| Wednesday, 2nd June 2021, 9:19 am

മോഷണം നടത്തിയെന്ന് ആരോപണം; ദല്‍ഹിയില്‍ യുവാവിനെ ഇലക്ട്രിക് ഷോക്ക് നല്‍കി കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിച്ചിരുന്ന യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ഇലക്ട്രിക് ഷോക്ക് നല്‍കി കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലാണ് സംഭവം നടന്നത്.

മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇരുപത്തെട്ടുകാരനായ ഒഷിത് ദാസിനെ അഞ്ച് പേര്‍ ചേര്‍ന്ന ഒരു സംഘം പിടിച്ചുകൊണ്ടു പോയത്. പിന്നീട് ഇലക്ട്രിക് ഷോക്ക് നല്‍കിയും ക്രൂരമായി തല്ലിച്ചതച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ അഞ്ച് പേരില്‍ രണ്ട് പേരെ പിടികൂടാനായെന്ന് പൊലീസ് അറിയിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന കൃഷന്‍ കുമാര്‍, ഡ്രൈവറായ ധര്‍മേന്ദ്ര എന്നിവരാണ് പിടിയിലായത്.

മോഷണം നടത്തിയെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഓഷിതിനെ ഇവര്‍ മര്‍ദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. ഇലക്ട്രിക് വയറുകള്‍ ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷോക്ക് നല്‍കുകയും ചെയ്തു.

ഓഷിതിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലാക്കി അലിപൂരിലേക്ക് കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ പൊലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞ ഇവര്‍ ശരീരം ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു.

ഓഷിത് ദാസ് താമസിച്ചിരുന്ന ജഹാംഗീര്‍പൂര്‍ മേഖലയില്‍ 11 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മോഷണം ആരോപിച്ചാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ragpicker beaten to death after torture with electric shock

We use cookies to give you the best possible experience. Learn more