| Thursday, 8th June 2023, 7:01 pm

ഷൂ ധരിച്ചു, മുടി കളര്‍ ചെയ്തു; മണ്ണാര്‍ക്കാട് കോപ്പറേറ്റീവ് കോളേജില്‍ റാഗിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മണ്ണാര്‍ക്കാട് കോപ്പറേറ്റീവ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയായതായി പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇഷ്ടിക കൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദിച്ചവര്‍ക്കതിരെ വിദ്യാര്‍ത്ഥികള്‍ കോളേജ് മാനേജ്‌മെന്റിന് പരാതി നല്‍കിയിട്ടുണ്ട്.

കോപ്പറേറ്റീവ് കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ സ്വാലിഹ്, അസ്‌ലം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്റര്‍വെല്‍ സമയത്ത് ശുചിമുറിയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ടാണ് ഇവരെ ഇടിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിന് മുന്‍പും റാഗിങ് ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം മുടികളര്‍ ചെയ്തും ഷൂ ധരിച്ചുമെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് ഇഷ്ടിക കൊണ്ട് അടിക്കാന്‍ കാരണമായതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആദ്യം മൂന്ന് പേരാണ് മര്‍ദിച്ചതെന്നും പിന്നീട് കൂടുതല്‍ പേരെത്തി മര്‍ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Content Highlight: Raging in mannarkkad cooperative college

We use cookies to give you the best possible experience. Learn more