കണ്ണൂര്‍ കോളേജിലെ റാഗിങ്: ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
Kerala News
കണ്ണൂര്‍ കോളേജിലെ റാഗിങ്: ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th November 2021, 10:00 am

കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്ത സംഭവത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ വീടുകളില്‍ നിന്നാണ് ആറു പേരെയും ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.

പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു. കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു.

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചു.

വിട്ടയച്ച ശേഷം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി ടോയ്ലെറ്റിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും, നെഞ്ചിലും തലയിലും ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Raging at Kannur Nehru College: Six senior students in police custody