കോഴിക്കോട്: കളന്‍തോട് എം.ഇ.എസ് കോളേജിലെ റാഗിങ്ങ് പരാതിയില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കുന്ദമംഗലം പൊലീസ്. രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മുഹമ്മദ് മിഥിലാജിനെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. മര്‍ദനമേറ്റ മിഥിലാജിന്റെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മുഹമ്മദ് മിഥിലാജിന് മര്‍ദനമേറ്റത്.
സംഭവത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. ആദില്‍, സിറാജ്, ഷാനില്‍, ആഷിഖ്, ഇസഹാഖ്, അഖില്‍ എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്.
ബുധനാഴ്ച ഉച്ചക്കാണ് മിഥിലാജിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. മുടി നീട്ടിവളര്‍ത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മിഥിലാജിനെ ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് വടി ഉപയോഗിച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലം തകരുകയും വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരുമ്പ് വടിക്ക് പുറമെ താക്കോല്‍കൂട്ടം, കല്ല് എന്നിവ ഉപയോഗിച്ചും മര്‍ദ്ദിച്ചതായി മിഥിലാജ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയും കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജിലേക്ക് കാര്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്നുണ്ടായിരുന്ന സംഘര്‍ഷം. അതിന്റെ തുടര്‍ച്ചയായിട്ടാണ് മിഥിലാജിന് നേരെയുമുണ്ടായത്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ആക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക നടപടിയെന്നോണം ആറ് പേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. വധ ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മിഥിലാജിന്റെ പിതാവ് വ്യക്തമാക്കി. ഒരു രക്ഷിതാവിനും സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള മര്‍ദനമാണ് തന്റെ മകന് നേരെയുണ്ടായിട്ടുള്ളതെന്നും കോളേജിലും പൊലീസിലും പരാതിപ്പെട്ടിട്ടുണ്ടെന്നും മിഥിലാജിന്റെ പിതാവ് പറഞ്ഞു.
ബുധനാഴ്ച രാത്രിയില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട മിഥിലാജ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
content highlights: Raging at Kalantode MES College, Kozhikode, student loses sight