ന്യൂദല്‍ഹി: രാജ്യം വളര്‍ച്ചാ നിരക്കില്‍ പുരോഗതി പ്രാപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പര്യം രാഷ്ട്രീയ നേട്ടമാണെന്ന് രഘുറാം രാജന്‍ പറഞ്ഞു.
സമ്പദ് വ്യവസ്ഥയിലൂന്നിയ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിക്കാത്തതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോഴും മാന്ദ്യത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നത് എന്താണെന്ന ചോദ്യത്തിന് നേതാക്കളുടെ രാഷ്ട്രീയമാണെന്നായിരുന്നു രഘുറാം രാജന്റെ മറുപടി.
‘ഇതൊരു ദുഃഖകരമായ കഥയാണ്. ഇക്കാലത്തെ രാഷ്ട്രീയമാണ് ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ തകര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്’, അദ്ദേഹം പറഞ്ഞതിങ്ങനെ. ബ്ലൂംബര്‍ഗ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദൗര്‍ഭാഗ്യവശാല്‍, സര്‍ക്കാരിന്റെ ചില നീക്കങ്ങളാണ് മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയതുമെല്ലാം മാന്ദ്യത്തിലേക്കുള്ള വഴികളായി’, അദ്ദേഹം അഭിപ്രായപ്പെട്ടു.