ന്യൂദൽഹി: ഇന്ത്യയിലെ നിർമാണ മേഖലയോട് ( manufacturing sector ) തനിക്ക് എതിർപ്പില്ലെന്നും എന്നാൽ വൻകിട കമ്പനികൾക്ക് സുതാര്യമല്ലാത്ത രീതിയിൽ സബ്സിഡികളും താരിഫുകളും നൽകുന്നതിൽ ആശങ്കയുണ്ടെന്നും മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. പറഞ്ഞു. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ മാനുഫാക്ചറിങ്ങിനോ ആഭ്യന്തര പ്രതിരോധ ആയുധ നിർമാണത്തിനോ എതിരല്ല, ഇന്ത്യയിൽ കൂടുതൽ പ്രതിരോധ ആയുധങ്ങൾ ഉത്പാദിപ്പിക്കുന്നതിനും എതിരല്ല. കൂടുതൽ ഇന്ത്യക്കാർ കൃഷിയല്ലാതെ മറ്റ് ജോലികൾ ചെയ്യുന്നതിൽ എനിക്ക് സന്തോഷമാണ്. അവർക്ക് മറ്റ് ജോലികൾ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മാനുഫാക്ചറിങ് തീർച്ചയായും ഒരു പ്രധാന സാധ്യതയാണ്. സാധ്യമാകുന്നിടത്തെല്ലാം ആഭ്യന്തര പ്രതിരോധ ഉത്പാദനം വർധിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് ഞാൻ,’ അദ്ദേഹം പറഞ്ഞു.
എന്നാൽ കേന്ദ്ര സർക്കാർ പി.എൽ.ഐ (പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് സ്‌കീം ) സ്കീമിലൂടെ വൻകിട ചിപ്പ് നിർമാണ കമ്പനികൾക്ക് വലിയ തോതിൽ സബ്‌സിഡി നൽകുകയാണെന്നും രഘുറാം രാജൻ വിമർശിച്ചു.
ചിപ്പ് നിർമാണം പോലുള്ള മേഖലകൾക്ക് വലിയ സബ്‌സിഡികൾ വാഗ്ദാനം ചെയ്യുമ്പോൾ അത് ബാധിക്കുക ഇന്ത്യയുടെ മാനുഫാക്ചറിങ് സെക്ടറിനെയാണ്. ഇത്തരത്തിലുള്ള സർക്കാരിന്റെ ചില നയങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലധിഷ്ഠിത മേഖലകൾ ദുരിതമനുഭവിക്കുകയാണ്, ചിപ്പുകൾക്ക് നൽകുന്ന സബ്‌സിഡിയിൽ ഒരു ഭാഗം ഗവൺമെൻ്റ് തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം സുതാര്യമല്ലാത്ത രീതിയിൽ താരിഫുകൾ ഉയർത്തുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിർമാണരംഗത്തെ സർക്കാർ നയങ്ങളുടെ പരാജയം ‘ ചൂണ്ടിക്കാണിക്കുന്ന രണ്ട് റിപ്പോർട്ടുകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഒരു റിപ്പോർട്ട് അനുസരിച്ച്, വ്യാവസായിക ഉത്പാദന സൂചികയിലെ 23 മേഖലകളിൽ , 11 ലും 2016-17 നെ അപേക്ഷിച്ച് 2023 എത്തുമ്പോൾ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾ കുറവാണ്. കയറ്റുമതിയിൽ ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള മേഖലകളിലൊന്നായ ആഗോള വസ്ത്ര വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം 2015 ശേഷം 20 ശതമാനത്തിലധികം കുറഞ്ഞു, അതേസമയം ബംഗ്ലാദേശും വിയറ്റ്‌നാമും കയറ്റുമതിയിൽ കുതിച്ചുയരുകയാണെന്നും മറ്റൊരു റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ ആഭ്യന്തര, ഉത്പാദനത്തിന് ഞാൻ എതിരല്ല, എന്നാൽ സബ്‌സിഡികളും താരിഫുകളും സുതാര്യമല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നതും അത് ഇന്ത്യൻ ജനത നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ചെയ്യുന്നതിലുമാണ് എനിക്ക് കൂടുതൽ ഉത്കണ്ഠ. ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തലുകൾക്ക് ശേഷം, ഈ സർക്കാർ സുതാര്യതയ്ക്ക് ഊന്നൽ നൽകേണ്ടത് വളരെ പ്രധാനമാണ്. അദ്ദേഹം പറഞ്ഞു.
Content Highlight: Raghuram Rajan clears his stand on manufacturing