എനിക്ക് ആ മോഹൻലാൽ ചിത്രം എവറസ്റ്റിന്റെ മുനമ്പിൽ എത്തിയ പോലെയാണ്: രഘുനാഥ് പാലേരി
Entertainment
എനിക്ക് ആ മോഹൻലാൽ ചിത്രം എവറസ്റ്റിന്റെ മുനമ്പിൽ എത്തിയ പോലെയാണ്: രഘുനാഥ് പാലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 11:25 am

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കുന്ന ചിത്രമാണ് വാനപ്രസ്ഥം.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. മുമ്പൊന്നും മലയാളികൾ കാണാത്ത വിധമായിരുന്നു ചിത്രത്തിൽ പ്രേക്ഷകർ മോഹൻലാലിനെ കണ്ടത്.

രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വാനപ്രസ്ഥം എന്ന ചിത്രം തന്നെ സംബന്ധിച്ച് ഒരു എവറസ്റ്റ് പോലെയാണെന്നും മോഹൻലാൽ എന്ന നടന് അതിന് മുകളിലൊരു കഥാപാത്രം നൽകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും രഘുനാഥ് പാലേരി പറയുന്നു. അതിന്റെ മുകളിലേക്ക് പോകണമെങ്കിൽ എവറസ്റ്റ് ഇനിയും വളരണമെന്നും രഘുനാഥ് പാലേരി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിനെ ആദ്യമായി ഞാന്‍ കാണുമ്പോഴും അയാള്‍ ഇങ്ങനെയായിരുന്നു. ഇപ്പോള്‍ കാണുന്നതിന്റെ യങ് ആയിട്ടുള്ള വേര്‍ഷന്‍. നസീമ എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്.

അന്നും ഷൂട്ടിന് മുമ്പ് അത്യാവശ്യം കുറുമ്പും കളിയും ചിരിയുമായി നടക്കും, ഷോട്ടിന്റെ സമയത്ത് ഗംഭീരമായി പെര്‍ഫോം ചെയ്യും. ഞങ്ങള്‍ തമ്മില്‍ അവസാനമായി ഒന്നിച്ചത് വാനപ്രസ്ഥം എന്ന സിനിമയിലാണ്. അതിന് ശേഷം അയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയിട്ടില്ല.

കാരണം, ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം എവറസ്റ്റിന്റെ മുനമ്പിലെത്തിയതു പോലെയാണ്. അതിന്റെ മുകളിലേക്ക് പോകണമെങ്കില്‍ എവറസ്റ്റ് വളരണം.

കഥാപാത്രത്തിലേക്ക് മാറുന്ന സമയത്ത് വാള് കൈയില്‍ കിട്ടിയ വെളിച്ചപ്പാടിനെപ്പോലെയാണ് മോഹന്‍ലാല്‍. വാനപ്രസ്ഥത്തെക്കാള്‍ മികച്ചത് എനിക്ക് വേറെ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല,’ രഘുനാഥ് പറഞ്ഞത്,’ രഘുനാഥ് പാലേരി പറയുന്നു.

 

Content Highlight: Raghunath Palery Talk about Vanaprastham Movie