|

എട്ട് മണിക്കൂറോളം മോഹന്‍ലാല്‍ ആ ചിത്രത്തിന് വേണ്ടി കിരീടം വെച്ച് ഇരുന്നിട്ടുണ്ട്: രഘുനാഥ് പാലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പാലേരി. അറിയപ്പെടുന്ന നോവലിസ്റ്റുകൂടിയാണ് അദ്ദേഹം. വിസ്മയം, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ്, പിന്‍ഗാമി, വധു ഡോക്ടറാണ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്.

രഘുനാഥ് പാലേരിയുടെ രചനകളില്‍ ഏറ്റവും പ്രധാപ്പെട്ടത് ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വാനപ്രസ്ഥം. മോഹന്‍ലാല്‍, സുഹാസിനി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയത് സക്കീര്‍ ഹുസൈനാണ്. കഥകളി കലാകാരനായി മോഹന്‍ലാല്‍ ആടിത്തിമിര്‍ത്ത ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

വാനപ്രസ്ഥത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് രഘുനാഥ് പാലേരി. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എട്ട് മണിക്കൂര്‍ വരെ മോഹന്‍ലാല്‍ കിരീടവും കഥകളി വേഷവും കെട്ടി ഇരിക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാഗത്ത് നിന്ന് വളരെ ഇന്‍വോള്‍മെന്റ് ഉണ്ടായിരുന്നെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

താന്‍ എഴുതികൊടുത്തത് കൂടുതല്‍ എന്‍ഹാന്‍സ് ചെയ്യാന്‍ കാരണം മോഹല്‍ലാലിന്റെ പെര്‍ഫോമസും ഛായാഗ്രഹണവും സംവിധായകന്റെ സിനിമാ സങ്കല്പവുമാണെന്ന് അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കിരീടമെല്ലാം വെച്ച് ലാല്‍ മണിക്കൂറുകളോളം ഇരിക്കുന്നത് എനിക്ക് നല്ല ഓര്‍മയുണ്ട്. അദ്ദേഹം ആ വേഷം കെട്ടി ഇരിക്കുന്നതെല്ലാം ഞാന്‍ അടുത്ത് പോയി നോക്കി നിന്നിട്ടുണ്ട്. വല്ലാത്തൊരു ഇന്‍വോള്‍മെന്റ് ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

വാസ്തവത്തില്‍ അത് വളരെ വലിയൊരു സിനിമയായിരുന്നു. എഴുതിക്കൊടുത്ത ആ സീനിനെ ഭയങ്കരമായിട്ട് എന്‍ഹാന്‍സ് ചെയ്യുന്നത് ഒന്ന് ലാലിന്റെ പെര്‍ഫോമന്‍സ്, രണ്ട് അതിന്റെ ഫോട്ടോഗ്രാഫി, ആ സമയത്തുള്ള അതിന്റെ ഒരു വൈകാരികത എല്ലാം കൃത്യമായി ഛായാഗ്രാഹകന്‍ ഒപ്പിയെടുത്തിട്ടുണ്ട്, പിന്നെ ആ ഗുരുവിന്റെ എക്‌സ്‌പ്രെഷന്‍സ്.

അതിനേക്കാളെല്ലാം ഉപരി ഇതിന്റെ സംവിധായകനായ ഷാജി എന്‍. കരുണന്റെ സിനിമാ സങ്കല്പം. ഇതൊക്കെ ആ ചിത്രത്തിനെ ഉയര്‍ത്തുന്നുണ്ട്. ലാലിന്റെ അതി മനോഹരമായ പെര്‍ഫോമസ് ആണ് ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ടത്,’ രഘുനാഥ് പാലേരി പറയുന്നു.

Content Highlight: Raghunath Paleri Talks  About Mohanlal’s  Performance In Vanaprastham Movie