മലയാളത്തിൽ വ്യത്യസ്തങ്ങളായ ഒരുപിടി ചിത്രങ്ങൾക്ക് കഥ ഒരുക്കിയ വ്യക്തിയാണ് രഘുനാഥ് പാലേരി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമായിരുന്നു.
വാനപ്രസ്ഥം, മൈ ഡിയർ കുട്ടിച്ചാത്തൻ, ദേവദൂതൻ, പിറവി തുടങ്ങിയ വേറിട്ട സിനിമകൾ എന്നും സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനയിൽ പുറത്തിറങ്ങിയ ഫാന്റസി ത്രീ.ഡി ചിത്രമായിരുന്നു മാജിക് മാജിക്. ജോസ് പുന്നൂസ് സംവിധാനം ചെയ്ത മാജിക് മാജിക് മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളത്തിൽ ഇറങ്ങിയ ത്രീ.ഡി സിനിമയായിരുന്നു.
എന്നാൽ താൻ എഴുതിയ സ്ക്രിപ്റ്റിലല്ല സിനിമ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും തന്റെ കഥയിൽ ഒരുപാട് മാറ്റം വന്നെന്നും രഘുനാഥ് പാലേരി പറയുന്നു. പിന്നീട് ചില തിരുത്തലുകൾ വരുത്തിയാണ് സിനിമ ഇറക്കിയതെന്നും ഇതൊക്കെ സിനിമയിൽ സാധാരണമാണെന്നും രഘുനാഥ് പാലേരി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാജിക് മാജിക് ഞാൻ എഴുതിയതാണെങ്കിലും എന്റെ കഥയിൽ ഉള്ളതൊന്നുമല്ല അവർ ഷൂട്ട് ചെയ്തത്. ആ സ്ക്രിപ്റ്റ് അതിനകത്ത് ഒട്ടുമില്ല. ഞാൻ എഴുതി കൊടുത്ത സ്ക്രിപ്റ്റ് വേറെയാണ്. ഷൂട്ടിങ്ങിലേക്ക് എത്തിയപ്പോൾ എല്ലാം മാറി.
അവർ അത് പൂർണമായി മാറ്റി. അത് ജോസ് മോൻ സംവിധാനം ചെയ്യുന്ന പടമായിരുന്നു. പിന്നെ അവരത് അമേരിക്കയിൽ പോയി ഷൂട്ട് ചെയ്തു. ഞാൻ അവസാനം സിനിമ കണ്ടപ്പോൾ എന്റേതായി ഒന്നും അതിൽ കണ്ടില്ല.
പിന്നീട് കുറച്ചുകൂടെ തിരുത്തലുകളൊക്കെ വരുത്തിയാണ് മാജിക് മാജിക് ഇറക്കിയത്. ആ സമയത്താണ് ഞാൻ വീണ്ടും അവരുമായി ബന്ധം ഉണ്ടാവുന്നത്. അത് പൂർണമായി മറ്റൊരു സിനിമയായിരുന്നു. എന്റെ തിരക്കഥ ഞാൻ അതിൽ കണ്ടിട്ടേയില്ല. അതൊക്കെ സിനിമയിൽ സംഭവിക്കുന്നതാണ്. അതിലൊന്നും ഒരു കാര്യവുമില്ല,’രഘുനാഥ് പാലേരി പറയുന്നു.
Content highlight: Raghunath Paleri Talk About Script Of Magic Magic Movie