ശ്രീനിവാസൻ, ജയറാം, ഉർവശി തുടങ്ങി വമ്പൻ താരനിര ഒന്നിച്ച് ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ്
രഘുനാഥ് പാലേരി രചന നിർവഹിച്ച ചിത്രം സത്യൻ അന്തിക്കാട് ആയിരുന്നു സംവിധാനം ചെയ്തത്.
ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രം മികച്ച പ്രകടനങ്ങൾ കണ്ട സിനിമ കൂടിയായിരുന്നു. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി.
താൻ എഴുതിയ കഥയുടെ എത്രയോ മുകളിലാണ് ഉർവശി പെർഫോം ചെയ്തതെന്നും അത് അവർക്ക് പോലും അറിയില്ലെന്നും രഘുനാഥ് പാലേരി പറയുന്നു. സത്യൻ അന്തിക്കാട് ഒരു സീൻ വിശദീകരിച്ചു കൊടുക്കുന്നത് താൻ കണ്ടിരുന്നുവെന്നും ഉർവശി അത് ഗംഭീരമായാണ് പെർഫോം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ എങ്ങനെയാണോ ആ ക്യാരക്ടർ മനസിൽ കണ്ടത് അതിന്റെയൊക്കെ എത്രയോ ഇരട്ടി മുകളിലാണ് ഉർവശി അത് പെർഫോം ചെയ്തിട്ടുള്ളത്. അതവർക്ക് പോലും അറിയില്ല. കാരണം ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവരോട് പറഞ്ഞിട്ടില്ല.
തിരക്കഥയിലെ ഒരു സംഭവം സത്യൻ അവർക്ക് പറഞ്ഞ് കൊടുക്കുന്നത് ഞാൻ കണ്ടിരുന്നു. അവർ ഒരു അയലിൽ ഇങ്ങനെ തുണി ഇടുന്ന സമയത്ത് ഒരു പാട്ട് സീനിലെ ബി. ജി. എമിൽ തട്ടാൻ ഭാസ്കരൻ അവളെ നോക്കുന്നുണ്ട്. ആ സീനിൽ സത്യൻ അവരോട് തട്ടാൻ ഭാസ്ക്കരനെ ഒന്ന് കൊതിപ്പിക്കാൻ പറയുന്നുണ്ട്.
അതൊക്കെ അവർ എന്ത് രസമായിട്ടാണ് ചെയ്തത്. ഈ തുണി ഇങ്ങനെ ഇട്ടുകൊണ്ട് ഭാസ്കരനെ നോക്കി കൊണ്ട് അവർ ഇങ്ങനെ കൊതിപ്പിക്കുന്നുണ്ട്. നമ്മളോടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ കൊതിപ്പിക്കുന്നത് പോയിട്ട് ഒന്ന് നന്നായി നോക്കാൻ പോലും നമുക്ക് കഴിയില്ല,’രഘുനാഥ് പാലേരി പറയുന്നു.
Content Highlight: Raghunath Paleri Talk About Performance Of Urvashy In Ponmuttayidunna Tharav Movie