| Monday, 29th July 2024, 8:13 pm

ആ ചിത്രത്തിൽ മോഹൻലാലിനെ ഉൾകൊള്ളാൻ അന്നത്തെ പ്രേക്ഷകർ തയ്യാറായില്ല: രഘുനാഥ് പാലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ.

രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.

അന്നത്തെ പ്രേക്ഷകർ മോഹൻലാലിനെ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രമായി കാണാത്തത് കൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്ന് രഘുനാഥ് പാലേരി പറയുന്നു. അത് ഉൾകൊള്ളാനുള്ള മനസ് അന്ന് പ്രേക്ഷകർക്ക് ഇല്ലായിരുന്നുവെന്നും കാലങ്ങൾക്കിപ്പുറം സിനിമ എന്തുകൊണ്ട് പരാജപ്പെട്ടെന്ന് ചോദിച്ച് ഒരുപാട് കത്തുകൾ തനിക്ക് വരാറുണ്ടെന്നും രഘുനാഥ് പാലേരി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതനിൽ മോഹൻലാൽ എന്ന നടനെയായിരിക്കും പ്രേക്ഷകർ കണ്ടിട്ടുണ്ടാവുക. വിശാൽ കൃഷ്ണ മൂർത്തിയെന്ന കഥാപാത്രത്തെ അവർ കണ്ടിട്ടുണ്ടാവില്ല.

അത് ഉൾകൊള്ളാനുള്ള മനസ് അന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകർക്ക് ഇല്ലായിരുന്നു. ഒരുപക്ഷെ അത് പിന്നീട് ഉൾക്കൊണ്ട് തലമുറയായിരിക്കാം ഇപ്പോൾ ഇവിടെ ഉള്ളത്.

ആ തലമുറ പടം കണ്ടില്ലെങ്കിലും അവർ പിന്നീട് ടി.വിയിലും യൂട്യൂബിലുമൊക്കെ കണ്ടപ്പോഴാണ് അവർ പ്രതികരിക്കാൻ തുടങ്ങിയത്. എന്തുകൊണ്ടിത് തിയേറ്ററിൽ ഓടിയില്ല, എന്ത് രസമാണ് ഈ സിനിമയെന്നൊക്കെ.

എനിക്ക് തന്നെ എത്രയോ മെസേജുകളും കത്തുകളും വന്നിട്ടുണ്ട് അത് ചോദിച്ചുകൊണ്ട്. എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്ര പേരാണ് എനിക്ക് കത്തുകൾ അയച്ചിട്ടുള്ളത്. എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് എന്നെഴുതിയ നിങ്ങൾ എന്താണ് എന്നെ സ്നേഹിക്കാത്തതെന്ന് ചോദിചൊക്കെയാണ് ചില കത്തുകൾ വന്നിട്ടുള്ളത്.

അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കാരണം ഞാൻ കാണുന്നതിന്റെ മുകളിൽ ദേവദൂതനെ കാണുന്ന പ്രേക്ഷകരുണ്ട്,’രഘുനാഥ് പാലേരി പറയുന്നു.

Content Highlight: Raghunath Paleri Talk About Mohanlal’s Character In Devadhoothan

We use cookies to give you the best possible experience. Learn more